10 October, 2025 01:32:52 PM


ശബരിമല സ്വര്‍ണപാളി വിഷയം; കേസെടുത്ത് അന്വേഷിക്കാൻ ഹൈക്കോടതി നിർദേശം



കൊച്ചി: ശബരിമല സ്വര്‍ണക്കവര്‍ച്ചയില്‍ കേസെടുത്ത് അന്വേഷിക്കണമെന്ന് ഹൈക്കോടതി. ആറ് ആഴ്ചയ്ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും രണ്ടാഴ്ചയിലൊരിക്കല്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് കൈമാറണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഹൈക്കോടതിയില്‍ മറുപടി പറയേണ്ടത് പ്രത്യേക അന്വേഷണ സംഘമാണ്. എല്ലാ കാര്യങ്ങളും പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണം.

തിരിമറി നടന്നുവെന്ന് ദേവസ്വം വിജിലന്‍സ് അന്വേഷണത്തില്‍ വ്യക്തമായെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ദേവസ്വം വിജിലസിന്റെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് ഹൈക്കോടതി ഉത്തരവ്. ചീഫ് വിജിലന്‍സ് ആന്റ് സെക്യൂരിറ്റി ഒാഫീസറാണ് 20 പേജുള്ള റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് കൈമാറിയത്. സീല്‍വെച്ച കവറിലാണ് റിപ്പോര്‍ട്ട് കൈമാറിയത്.

സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണം. രണ്ടാഴ്ച കൂടുമ്പോള്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതിയെ അറിയിക്കണം. അന്വേഷണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം കോടതിയോട് മാത്രം കാര്യങ്ങള്‍ ബോധിപ്പിച്ചാല്‍ മതി. മറ്റാരോടും അന്വേഷണ വിവരം വെളിപ്പെടുത്തേണ്ടതില്ല. ശബരിമല വിഷയത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി മാധ്യമങ്ങളോട് സംസാരിക്കുന്നതും ഹൈക്കോടതി വിലക്കിയിട്ടുണ്ട്. കേസില്‍ സംസ്ഥാന പൊലീസ് മേധാവിയെയും ഹൈക്കോടതി കക്ഷിചേര്‍ത്തു.

സ്വര്‍ണം കവര്‍ന്ന യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്തണം. കേസില്‍ നിലവില്‍ പിടിച്ചെടുത്ത രേഖകള്‍ രജിസ്ട്രാറുടെ പക്കല്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കേസിന്റെ സങ്കീര്‍ണത പരിഗണിച്ച് അന്വേഷണ സംഘത്തെ വിപുലീകരിക്കാമെന്ന് കോടതി നിര്‍ദേശിച്ചു. രണ്ടു ഡിവൈഎസ്പിമാരെ കൂടി സംഘത്തില്‍ ഉള്‍പ്പെടുത്തും. ശബരിമലയില്‍ വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞ സ്വര്‍ണപ്പാളികള്‍ 2019 ല്‍ സ്വര്‍ണം പൂശാനായി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നല്‍കിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നടപടി സംശയാസ്പദമാണെന്ന് ഹൈക്കോടതി വിലയിരുത്തി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 938