09 October, 2025 12:42:19 PM


കാന്‍സര്‍ ചികിത്സയ്ക്കു പോകുന്ന രോഗികള്‍ക്ക് ഇനി കെഎസ്ആർടിസി യാത്ര സൗജന്യം; പ്രഖ്യാപനവുമായി മന്ത്രി ഗണേഷ് കുമാർ



തിരുവനന്തപുരം: ചികിത്സയ്ക്കായി ആശുപത്രിയിൽ പോകുന്ന കാൻസർ രോഗികൾക്ക് കെഎസ്ആർടിസി ബസിൽ സൗജന്യ യാത്ര സൗകര്യം ഒരുക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. നിയമസഭയിലെ ചോദ്യോത്തര വേളയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. കെഎസ്ആർടിസിയുടെ സൂപ്പർ ഫാസ്റ്റ് വരെയുള്ള ബസുകളിലാണ് സൗജന്യ യാത്ര. കാൻസർ സെന്റുകൾക്ക് പുറമെ സ്വകാര്യ ആശുപത്രിയിലേക്കാണെങ്കിലും യാത്ര സൗജന്യമായിരിക്കും.

നിലവിലുള്ള ഉത്തരവ് പ്രകാരം 50 ശതമാനം നിരക്കിൽ ഇളവുണ്ടായിരുന്നു. ഇതാണ് പൂർണമായും സൗജന്യമാക്കുന്നത്. കാൻസർ സെന്ററുകളിലേക്ക് പോകുന്ന അർബുദ രോഗികൾക്ക് യാത്രാ ഇളവ് നൽകുന്ന 2012ലെ ഉത്തരവിൽ മാറ്റം വരുത്തിയാണ് ഇത് നടപ്പാക്കുന്നത്. റേഡിയേഷനും കീമോയ്ക്കുമായി ആശുപത്രിയിലേക്ക് പോകുന്ന രോഗികൾക്ക് ഈ സേവനം ലഭ്യമാകുമെന്ന് മന്ത്രി വ്യക്തമാക്കി.

പ്രഖ്യാപനം നടത്തുന്നതിനിടെ ബഹളം വെച്ച പ്രതിപക്ഷത്തെ മന്ത്രി പരിഹസിച്ചു. 'പ്രതിപക്ഷത്തിന് ഇത് വലിയ കാര്യമായിരിക്കില്ല. പ്രഖ്യാപനം നടത്തിയപ്പോൾ പ്രതിപക്ഷം പറയുന്നത് ഷെയിം ഷെയിം എന്നാണ്. പ്രതിപക്ഷത്തിന് ഇത് ഷെയിം ആയിരിക്കും. പക്ഷേ രോഗികൾക്ക് ഇത് വലിയ കാര്യമാണ്. 2012ൽ സിറ്റി ബസ്, ഓർഡിനറി ബസുകൾ 50 ശതമാനമെന്ന ഓർഡർ ഇറക്കിയതിനാൽ ഈ പ്രഖ്യാപനത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാൻ യുഡിഎഫ് വരരുത്. ഇത് സംസ്ഥാനത്തിന് ബാധകമായ പ്രഖ്യാപനമാണ്. ഓർഡിനറിക്ക് മാത്രമല്ല, സൂപ്പർഫാസ്റ്റ് മുതൽ താഴോട്ടുള്ള എല്ലാ കെഎസ്ആർടിസി ബസുകൾക്കും ഇത് ബാധകമാണ്'- മന്ത്രി പറഞ്ഞു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 941