06 October, 2025 11:40:51 AM


തെരുവുനായ ശല്യത്തിനെതിരായ നാടകത്തിനിടെ നടനെ നായ കടിച്ചു



കണ്ണൂര്‍: തെരുവുനായ ശല്യത്തിനെതിരായ തെരുവ് നാടകത്തിനിടെ നാടക കലാകാരന് നേരെ നായയുടെ ആക്രമണം. മയ്യില്‍ കണ്ടക്കൈപ്പറമ്പ് കൃഷ്ണപിള്ള വായനശാല ഞായറാഴ്ച്ച രാത്രി എട്ടിന് സംഘടിപ്പിച്ച 'പേക്കോലം' എന്ന ഏകാംഗനാടത്തിന്റെ അവതരണത്തിനിടെയാണ് കലാകാരനെ നായ കടിച്ചത്. നാടക പ്രവര്‍ത്തകന്‍ കണ്ടക്കൈയിലെ പി രാധാകൃഷ്ണനാണ് നായയുടെ കടിയേറ്റത്.

മൈക്കിലൂടെ നായ കുരയ്ക്കുന്നത് പോലെയുള്ള ശബ്ദമുണ്ടാക്കിയതോടെ തെരുവിലുണ്ടായിരുന്ന നായ വേദിയിലേക്ക് കയറി ആക്രമിക്കുകയായിരുന്നു. അരങ്ങിലുണ്ടായിരുന്ന രാധാകൃഷ്ണനെ നായ കടിക്കുകയായിരുന്നു. നാടകത്തിനിടെ നായ ആക്രമണമുണ്ടായപ്പോള്‍ അതും നാടകത്തിന്റെ ഭാഗമാണെന്നായിരുന്നു കാണികള്‍ കരുതിയത്.

പിന്നീട് അത് നാടകത്തിന്റെ ഭാഗമല്ലെന്നും തെരുവ് നായ ആക്രമണമാണെന്നും മനസിലാക്കിയ വായനാശാല പ്രവര്‍ത്തകര്‍ രാധാകൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നാടകം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയത്. ഇദ്ദേഹത്തിന്റെ കൈകള്‍ക്കും കാലിനുമാണ് കടിയേറ്റത്. രാധാകൃഷ്ണന്‍ സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 955