05 October, 2025 03:29:27 PM


കുമ്പളയിലെ യുവ അഭിഭാഷകയുടെ മരണം; തിരുവല്ല സ്വദേശിയായ അഭിഭാഷകന്‍ അറസ്റ്റില്‍



കുമ്പള: കാസര്‍കോട് കുമ്പളയില്‍ യുവ അഭിഭാഷകയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അഭിഭാഷകന്‍ അറസ്റ്റില്‍. തിരുവല്ല സ്വദേശിയായ അനില്‍കുമാറാണ് പിടിയിലായത്. തിരുവനന്തപുരത്ത് നിന്ന് ഇന്ന് പുലര്‍ച്ചെയാണ് ഇയാളെ പിടികൂടിയത്. കുമ്പള പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി. വര്‍ഷങ്ങളായി രഞ്ജിതയുടെ സുഹൃത്താണ് ഇയാള്‍.

കഴിഞ്ഞ ചൊവ്വാഴചയാണ് അഡ്വ. രഞ്ജിതകുമാരി(30)യെ നഗരത്തിലെ ഓഫീസ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സിപിഐഎം കുമ്പള ലോക്കല്‍ കമ്മിറ്റിയംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ വില്ലേജ് സെക്രട്ടറിയും ഡിവൈഎഫ്‌ഐ മേഖലാ പ്രസിഡന്റുമായിരുന്നു രഞ്ജിത.

ഒട്ടേറെത്തവണ കുടുംബാംഗങ്ങള്‍ ഫോണ്‍ചെയ്തിട്ടും രഞ്ജിത ഫോണ്‍ എടുത്തിരുന്നില്ല. ഇതേ തുടര്‍ന്ന് അന്വേഷിച്ചെത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസെത്തി വാതില്‍ ചവിട്ടിത്തുറന്ന് ഉള്ളില്‍ പ്രവേശിക്കുകയായിരുന്നു. ഓഫീസ് മുറിയില്‍നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിരുന്നു.

അഭിഭാഷക ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഭവത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് സിപിഐഎം കുമ്പള ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K