01 October, 2025 09:32:27 AM
ബലാത്സംഗ കേസ്; റാപ്പർ വേടനെതിരെ കുറ്റപ്പത്രം സമർപ്പിച്ചു

കൊച്ചി: ബലാത്സംഗ കേസില്‍ റാപ്പര്‍ വേടനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. വേടന്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതിന് തെളിവുകളുണ്ടെന്ന് കുറ്റപത്രത്തില്‍ സൂചിപ്പിക്കുന്നു. സാമ്പത്തിക തട്ടിപ്പ് നടത്തിയതിന്റെ തെളിവുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു. യുവ ഡോക്ടറുടെ പരാതിയിലായിരുന്നു തൃക്കാക്കര പൊലീസ് കേസ് എടുത്തത്.
വിവാഹ വാഗ്ദാനം നല്‍കി അഞ്ചുതവണ പീഡിപ്പിച്ചുവെന്ന യുവ ഡോക്ടറുടെ പരാതിയില്‍ വേടനെ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വൈദ്യ പരിശോധനയ്ക്ക് ശേഷം വിട്ടയച്ചു. കഞ്ചാവ് കേസിലും വേടനെതിരെ കഴിഞ്ഞ ദിവസം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. തൃപ്പൂണിത്തുറ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ 10 പ്രതികളാണ് ഉള്‍പ്പെട്ടിട്ടുള്ളത്.
വേടന്‍ കഞ്ചാവ് ഉപയോഗിച്ചുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഏപ്രില്‍ 28ന് വേടന്റെ ഫ്‌ലാറ്റില്‍ നിന്നാണ് ഹില്‍പാലസ് പൊലീസും ഡാന്‍സാഫും ചേര്‍ന്ന് കഞ്ചാവ് പിടികൂടിയത്. പരിപാടിക്കായി തയാറെടുപ്പ് നടത്തുന്നതിന്റെ ഭാഗമായാണ് കഞ്ചാവ് ഉപയോഗിച്ചതെന്നായിരുന്നു വേടന്റെ മൊഴി. സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കാറില്ലെന്നും ചോദ്യം ചെയ്യലില്‍ വേടന്‍ അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു.
അതേസമയം വേടനെതിരെ ഗൂഢാലോചന നടന്നെന്ന് വേടന്റെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. വേടനെതിരെ തുടര്‍ച്ചയായി ലൈംഗികാതിക്രമ പരാതികള്‍ ഉണ്ടാകുന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നായിരുന്നു കുടുംബത്തിന്റെ പരാതി. സംഭവത്തില്‍ വേടന്റെ സഹോദരന്‍ ഹരിദാസ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. പിന്നാലെ പരാതി അന്വേഷിക്കാന്‍ പൊലീസ് തയ്യാറായിരുന്നു.