29 September, 2025 07:10:17 PM


അതുല്യയുടെ മരണം; ഭർത്താവ് സതീഷിന്‍റെ മുൻകൂർ ജാമ്യം റദ്ദാക്കി



കൊല്ലം: ഷാര്‍ജയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച അതുല്യയുടെ ഭര്‍ത്താവ് സതീഷിന്‍റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കി. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം റദ്ദാക്കിയത്. മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയതോടെ പ്രതി സതീഷ് ക്രൈം ബ്രാഞ്ച് ഓഫീസില്‍ ഹാജരായി. പ്രഥമദൃഷ്ട്യാ കൊലപാതകത്തിന്റേതായ തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും എഫ്‌ഐആറില്‍ ചേര്‍ത്ത കൊലപാതക വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി.

പ്രോസിക്യൂഷന്‍ കേസില്‍ ആത്മഹത്യാ പ്രേരണയ്ക്കുള്ള വകുപ്പുകള്‍ ചേര്‍ക്കാത്തതിലുള്ള നിരാശ കോടതി പ്രകടിപ്പിക്കുകയും ചെയ്തു. അതുല്യയുടെ മരണം കൊലപാതകമെന്ന് ചൂണ്ടിക്കാട്ടിയാണ് ചവറ തെക്കും ഭാഗം പൊലീസ് കേസെടുത്തത്. നേരത്തെ സതീഷിനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്‌തെങ്കിലും മുന്‍കൂര്‍ ജാമ്യത്തെ തുടര്‍ന്ന് വിട്ടയക്കുകയായിരുന്നു.

ഇക്കഴിഞ്ഞ ജൂലൈ 19നാണ് ഷാര്‍ജയിലെ ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ അതുല്യയെ കണ്ടെത്തിയത്. ഇതിന് പിന്നാലെ അതുല്യയെ സതീഷ് ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങളും അതുല്യയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ അടങ്ങുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സതീഷില്‍ നിന്ന് അതുല്യ ക്രൂര പീഡനം നേരിട്ടിരുന്നുവെന്ന് അതുല്യയുടെ കുടുംബം ആരോപിച്ചിരുന്നു.

എന്നാൽ അതുല്യ ജീവനൊടുക്കിയതാണെന്ന വാദമാണ് സതീഷ് മുന്നോട്ട് വെച്ചത്. അതുല്യയെ മര്‍ദ്ദിക്കാറുണ്ടെന്ന് സമ്മതിച്ച സതീഷ് അതെല്ലാം മദ്യലഹരിയില്‍ സംഭവിച്ചതാണെന്നും പറഞ്ഞിരുന്നു. പിന്നീട് അതുല്യയുടെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സതീഷിനെതിരെ പൊലീസ് കേസെടുത്തത്. കൊലക്കുറ്റം, ആത്മഹത്യാപ്രേരണ, സ്ത്രീധന നിരോധന നിയമം അടക്കം ചുമത്തി ചവറ പൊലീസായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നാലെ കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി. നാട്ടിലെത്തിയ സതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നതിനാല്‍ വിട്ടയച്ചിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 959