27 September, 2025 12:55:35 PM
പ്രതിഷേധങ്ങള്‍ വന്നോട്ടെ, നേരിട്ടോളാം; എന്‍റെ നിലപാട് പറഞ്ഞു കഴിഞ്ഞു- ജി സുകുമാരൻ നായർ

കോട്ടയം: ശബരിമല വിഷയത്തിൽ സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചതിൽ വിമർശനം നേരിടുന്നതിന് പിന്നാലെ പ്രതികരണവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് വ്യക്തമാക്കിയ അദ്ദേഹം തന്റെ രാഷ്ട്രീയ നിലപാട് പറഞ്ഞു കഴിഞ്ഞുവെന്നും കൂടുതാലായൊന്നും പറയാനില്ലെന്നും മാധ്യമങ്ങളോട് പറഞ്ഞു. കോട്ടയം ചങ്ങനാശേരിയിലെ പെരുന്നയിൽ എൻഎസ്എസ് ആസ്ഥാനത്ത് പൊതുയോഗത്തിനായി എത്തിയതായിരുന്നു അദ്ദേഹം.
വളരെ വ്യക്തമായാണ് ഞാൻ എന്റെ രാഷ്ട്രീയ നിലപാട് നേരത്തെ തന്നെ പറഞ്ഞത്. പ്രതിഷേധിക്കുന്നവര്‍ പ്രതിഷേധിച്ചോട്ടെ. ഏത് പ്രതിഷേധത്തേയും ഞങ്ങൾ നേരിട്ടുകൊള്ളാമെന്നും അദ്ദേഹം പറഞ്ഞു. വിമർശന ഫ്‌ളക്‌സുകളെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഫ്‌ളക്‌സുകൾ കണ്ടിരുന്നുവെന്നും എനിക്ക് പബ്ലിസിറ്റികിട്ടുമല്ലോ എന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. യോഗത്തിൽ ഇന്ന് ബജറ്റ് ചർച്ച മാത്രമേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല വിഷയത്തില്‍ എന്‍എസ്എസ് എല്‍ഡിഎഫിനൊപ്പമാണെന്ന ജി സുകുമാരന്‍ നായരുടെ നിലപാടാണ് വിവാദത്തിന് തിരികൊളുത്തിയത്. അയ്യപ്പ സംഗമം ബഹിഷ്‌കരിച്ച കോണ്‍ഗ്രസിനെ വിമര്‍ശിച്ച സുകുമാരന്‍ നായര്‍ കോണ്‍ഗ്രസിന് ഹിന്ദു വോട്ട് വേണ്ടെന്നും ശബരിമലയില്‍ ആചാരം സംരക്ഷിക്കാന്‍ കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്നും ആരോപിച്ചിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ ആചാരം സംരക്ഷിക്കാന്‍ നടപടി എടുക്കുകയാണ്.
ശബരിമലയിലെ ആചാരം സംരക്ഷിക്കുക എന്നതാണ് ലക്ഷ്യം. സ്ത്രീ പ്രവേശന വിധിക്കെതിരെ എന്‍എസ്എസ് നാമജപ ഘോഷയാത്ര നടത്തി. കോണ്‍ഗ്രസും ബിജെപിയും അന്ന് വിട്ടുനിന്നു. വിശ്വാസികള്‍ കൂട്ടത്തോടെ വന്നപ്പോഴാണ് അവരും വന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ സ്ത്രീ പ്രവേശനം അനുവദിച്ചില്ല. അവര്‍ക്ക് വേണമെങ്കില്‍ അത് ചെയ്യാമായിരുന്നു. ആചാരങ്ങള്‍ അതേ പോലെ നിലനിര്‍ത്തി. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. കോണ്‍ഗ്രസും ഒന്നും ചെയ്തില്ല. ശബരിമലയിലെ പ്രശ്നം പരിഹരിക്കുമെന്നും ആചാരങ്ങള്‍ സംരക്ഷിക്കുമെന്നും എന്‍എസ്എസിന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. എല്‍ഡിഎഫ് സര്‍ക്കാര്‍ ആചാരത്തിനെതിരെ ഒന്നും ചെയ്യില്ല. മുഖ്യമന്ത്രിയുടെ അറിവോടെ ദേവസ്വം മന്ത്രിയാണ് ഉറപ്പുനല്‍കിയതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.