15 September, 2025 11:50:57 AM


ചാവക്കാട് ലൈറ്റ് ഹൗസിന് മുകളിൽ റീൽസെടുക്കാന്‍ കയറി ഗുണ്ട്‌ പൊട്ടിച്ചു; യുവാവിന്റെ കൈപ്പത്തി തകർന്നു



ചാവക്കാട്: ലൈറ്റ് ഹൗസിന് മുകളിൽ കയറി ഗുണ്ട്‌ പൊട്ടിച്ച് യുവാവ്. അതിസുരക്ഷാമേഖലയായ കടപ്പുറം തൊട്ടാപ്പ് ലൈറ്റ് ഹൗസിന് മുകളിലാണ് സംഭവം. ചാവക്കാട് മടപ്പേൻ സൽമാൻ ഫാരിസാ(26)ണ് ഗുണ്ട് പൊട്ടിച്ച് പരിഭ്രാന്തി പടർത്തിയത്. സംഭവത്തിൽ യുവാവിന്റെ വലതുകൈപ്പത്തി തകർന്നു.

പരിക്കേറ്റ ഫാരിസിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. റീൽസ് എടുക്കാനാണ് യുവാവും സംഘവും ഗുണ്ടുമായി ലൈറ്റ് ഹൗസിന് മുകളിൽ കയറിയതെന്ന് ചാവക്കാട് പൊലീസ് പറഞ്ഞു.ലൈറ്റ് ഹൗസ് സന്ദർശിക്കാനെത്തിയതാണ് സൽമാൻ ഫാരിസ് ഉൾപ്പെടെയുള്ള സംഘം.

ലൈറ്റ് ഹൗസിന് മുകളിൽനിന്ന് പൊട്ടിത്തെറി ശബ്ദം കേട്ടതോടെ ജനം പരിഭ്രാന്തിയിലായി. ഉദ്യോഗസ്ഥരും നാട്ടുകാരും എത്തിയപ്പോഴേക്കും പരിക്കേറ്റ യുവാവുമായി കൂടെയുണ്ടായിരുന്നവർ ആശുപത്രിയിലേക്ക് പോയിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 916