31 August, 2025 07:36:39 PM


മീനാക്ഷിപുരത്ത് നാലുമാസം പ്രായമുള്ള കുഞ്ഞ് മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി മരിച്ചു



പാലക്കാട്: മീനാക്ഷിപുരം കോളനിയിലെ നാല് മാസം പ്രായമുള്ള ആദിവാസി പെൺകുഞ്ഞ് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചു. പോഷകാഹാരക്കുറവു നേരിടുന്ന നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞാണ് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചത്. ഗർഭിണികൾക്ക് പ്രതിമാസം ലഭിക്കുന്ന 2,000 രൂപയുടെ സഹായം തനിക്ക് കിട്ടിയില്ലെന്ന് കുട്ടിയുടെ അമ്മ സംഗീത ആരോപിച്ചു.

പാലക്കാട് മീനാക്ഷിപുരം സർക്കാർ ആദിവാസി ഉന്നതിയിൽ താമസിക്കുന്ന പാർഥിപൻ - സംഗീത ദമ്പതികളുടെ മകൾ കനിഷ്കയാണ് മരിച്ചത്. ഇന്നലെ രാവിലെയാണ് സംഭവം. കുഞ്ഞിന് പാൽ നൽകുന്നതിനിടെ അനക്കമില്ലെന്ന് കണ്ടപ്പോൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനുമുൻപ് തന്നെ മരണം സംഭവിച്ചിരുന്നു. നാല് മാസം പ്രായമുള്ള കുഞ്ഞിന് 2.200 കിലോഗ്രാം മാത്രമായിരുന്നു തൂക്കം. കുഞ്ഞിന് പോഷകാഹാരക്കുറവുണ്ടായിരുന്നുവെന്ന് മാതാപിതാക്കൾ പറഞ്ഞു. രണ്ട് വർഷം മുൻപ് ദമ്പതികളുടെ ആദ്യ പെൺകുഞ്ഞും സമാനമായ സാഹചര്യത്തിലാണ് മരിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 306