13 January, 2026 10:58:36 AM
ഡിസിസി പ്രസിഡൻ്റിനെതിരെ പോസ്റ്റർ; പാലക്കാട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പിടിയിൽ

പാലക്കാട്: പാലക്കാട് ഡിസിസി പ്രസിഡന്റ് എ. തങ്കപ്പനെതിരെ അധിക്ഷേപ പോസ്റ്ററുകൾ പതിപ്പിച്ച സംഭവത്തിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. യൂത്ത് കോൺഗ്രസ് കണ്ണാടി മണ്ഡലം വൈസ് പ്രസിഡന്റ് സുജിത്ത്, സെക്രട്ടറി വിഷ്ണു എന്നിവരെയാണ് പാലക്കാട് ടൗൺ സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തത്.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ എ. തങ്കപ്പൻ സ്ഥാനാർത്ഥിയാകുന്നതിനെ വിമർശിച്ചായിരുന്നു പോസ്റ്ററുകൾ. കഴിഞ്ഞ ദിവസം ഡിസിസി ഓഫീസിന് മുന്നിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും ഇത്തരം പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. 'സ്വന്തം ഭാര്യ പോലും വോട്ട് ചെയ്യാത്ത തങ്കപ്പന് സീറ്റ് നൽകരുത്' എന്നതടക്കമുള്ള അധിക്ഷേപ പരാമർശങ്ങളാണ് സാധാരണ വെള്ളപ്പേപ്പറിൽ പേന കൊണ്ട് എഴുതി പതിപ്പിച്ചിരുന്നത്.
തങ്കപ്പൻ നേരിട്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. പാർട്ടിയെയും ജില്ലാ പ്രസിഡന്റിനെയും പൊതുമധ്യത്തിൽ വ്യക്തിഹത്യ നടത്താൻ ബോധപൂർവമായ ശ്രമം നടന്നതായി പരാതിയിൽ പറയുന്നു. പാലക്കാട് മണ്ഡലത്തിൽ തങ്കപ്പനെ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നു എന്ന വാർത്തകൾക്ക് പിന്നാലെ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളും ഗ്രൂപ്പ് തർക്കങ്ങളും ജില്ലയിൽ നിലനിൽക്കുന്നുണ്ട്.



