10 January, 2026 08:31:55 PM


ഒറ്റപ്പാലത്ത് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് അപകടം



പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് അപകടം. പാലക്കാട് ഒറ്റപ്പാലം മനിശേരി വരിക്കാശ്ശേരി മനയ്ക്ക് സമീപമാണ് അപകടമുണ്ടായത്. മനയ്ക്ക് സമീപത്തെ വയൽ പ്രദേശത്തെ തോട്ടിലേക്കാണ് ബസ് മറിഞ്ഞത്. ഇന്ന് ഉച്ചയ്ക്കുശേഷമാണ് അപകടമുണ്ടായത്.

ബസിലുണ്ടായിരുന്ന വിനോദ യാത്രാ സംഘത്തിലെ 25 പേരും ഡ്രൈവറും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഒറ്റപ്പാലത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ വരിക്കാശ്ശേരി മന കാണാനായി എത്തിയ സംഘം യാത്ര ചെയ്ത ബസാണ് അപകടത്തിൽപ്പെട്ടത്. വരിക്കാശ്ശേരി മനയുടെ ഗേറ്റിന് സമീപത്തെ കയറ്റം കയറിവരുന്നതിനിടെ നിയന്ത്രണം വിട്ട് ബസ് പുറക്കോട്ട് പോവുകയായിരുന്നു. ബസ് തോട്ടിലേക്ക് മറിഞ്ഞു.

കണ്ണൂര്‍ സ്വദേശികളാണ് മിനി ബസിലുണ്ടായിരുന്നത്. നാട്ടുകാരും സ്ഥലത്തുണ്ടായിരുന്നവരും ചേര്‍ന്ന് ബസിലുണ്ടായിരുന്നവരെ പുറത്തെത്തിച്ചു. ക്രെയിൻ എത്തിച്ചാണ് ബസ് പുറത്തെടുത്തത്. നിരവധി പ്രശസ്തമായ സിനിമകളുടെ ലോക്കേഷനായിട്ടുള്ള വരിക്കാശ്ശേരി മന കാണാൻ നിരവധി വിനോദ സ‍ഞ്ചാരികള്‍ പലഭാഗങ്ങളിൽ നിന്നായി എത്താറുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 301