21 January, 2026 01:55:27 PM


സാമൂഹിക മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി: മതസൗഹാര്‍ദ്ദ യോഗം



 പാലക്കാട്: പാലക്കാട് ജില്ലയില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വിദ്വേഷപരമായ പരാമര്‍ശങ്ങളോ, പോസ്റ്റുകളോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മത സൗഹാര്‍ദ്ദ യോഗം. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ മാധവിക്കുട്ടി എം എസ് അധ്യക്ഷത വഹിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് നടന്നതു പോലെ നിയമസഭാ തിരഞ്ഞെടുപ്പും സമാധാനപരമായി നടത്തുന്നതിന് എല്ലാവരും സഹകരിക്കണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ നിര്‍മ്മിക്കുമ്പോള്‍ കരുതല്‍ വേണം. ജില്ലയില്‍ വേല, പൂരം എന്നിവ നടക്കുന്ന സമയം ആയതിനാല്‍ സുരക്ഷയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുകയും, ആള്‍ക്കൂട്ട അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി  ജനങ്ങള്‍ പോലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

സാമൂഹിക മാധ്യമങ്ങളില്‍ വിദ്വേഷ പ്രചാരണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍  എസ് പി ഓഫീസിലേക്ക് ഇമെയില്‍ വഴി പരാതി നല്‍കണമെന്ന് ജില്ലാ പൊലീസ് മേധാവി അജിത് കുമാര്‍ അറിയിച്ചു. മെസേജുകളും, പോസ്റ്റുകളും യഥാര്‍ഥമാണെന്ന് ഉറപ്പ് വരുത്തിയിട്ട് മാത്രമേ പോസ്റ്റ്/റീ പോസ്റ്റ് ചെയ്യാവൂ.  മയക്കുമരുന്ന് മാഫിയക്കെതിരെ കര്‍ശനമായ നിലപാട് സ്വീകരിക്കും. വീടുകള്‍ കേന്ദ്രീകരിച്ച് ഇത്തരം മാഫിയകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ വിവരം പൊലീസില്‍ അറിയിക്കണം. വ്യാജ ട്രേഡിങ് ആപ്പുകളിലൂടെ പണം തട്ടിയെടുക്കുന്ന കേസുകള്‍ വര്‍ധിച്ചുവരുന്നതിനാല്‍ ഇത്തരം കെണികളില്‍ വീഴാതിരിക്കാന്‍ ജനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. എ ഡി എം കെ സുനില്‍കുമാര്‍, ആര്‍ ഡി ഒ കെ മണികണ്ഠന്‍, ഒറ്റപ്പാലം സബ് കളക്ടര്‍ അന്‍ജീത് സിങ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 918