17 January, 2026 12:11:53 PM
അട്ടപ്പാടിയിൽ കർഷകൻ ജീവനൊടുക്കി; തണ്ടപ്പേർ ലഭിക്കാത്തതിനാലെന്ന് കുടുംബം

പാലക്കാട്: അട്ടപ്പാടിയിൽ തണ്ടപ്പേർ ലഭിക്കാത്തതിനാൽ കർഷൻ ആത്മഹത്യ ചെയ്തതായി കുടുംബം. പുലിയറ സ്വദേശി ഗോപാലകൃഷ്ണനാണ് ജീവനൊടുക്കിയത്. കഴിഞ്ഞ ദിവസം മണ്ണാർക്കാട് തെങ്കരയിലെ വാടക വീട്ടിൽ വച്ച് വിഷം കഴിച്ച ഗോപാലകൃഷ്ണനെ ഉടൻ തന്നെ പെരിന്തൽമണ്ണ ആശുപത്രിയിൽ എത്തിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
ബാങ്ക് ജപ്തി ഒഴിവാക്കാനും, ചികിത്സയ്ക്കും പണം കണ്ടെത്താൻ ഭൂമി വിൽക്കാൻ ശ്രമിച്ചെങ്കിലും തണ്ടപ്പേർ കിട്ടാത്തതിനാൽ വിൽക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിന്റെ മനോവിഷമത്തിലാണ് ജീവനൊടുക്കിയതെന്നാണ് കുടുംബം പറയുന്നത്. അട്ടപ്പാടിയിലുള്ള സഹോദരനോട് ആത്മഹത്യ ചെയ്യുന്നതിനായി വിഷം കഴിച്ചുവെന്ന് ഗോപാലകൃഷ്ണൻ ഫോണിൽ വിളിച്ച് പറയുകയും ചെയ്തിരുന്നു.
മൂപ്പിൽ നായർ കുടുംബത്തിൽ നിന്നാണ് ഗോപാലകൃഷ്ണൻ്റെ കുടുംബം ഭൂമി വാങ്ങിയത്. അനധികൃത വിൽപ്പനയെന്ന് കാട്ടി പരാതികൾ ഉയർന്നതോടെ, മൂപ്പിൽ നായരുടെ കുടുംബം വിൽപ്പന നടത്തിയ ഭൂമികളിലെ റവന്യൂ നടപടികൾ ജില്ലാ കളക്ടർ തടഞ്ഞിരുന്നു. ഇതോടെയാണ് ഗോപാലകൃഷ്ണന് തണ്ടപ്പേര് ലഭിക്കാതായത്. നാല് മാസം മുൻപ് നരസിമുക്ക് ഇരട്ടക്കുളത്ത് തണ്ടപ്പേർ കിട്ടാത്തതിനാൽ കർഷകൻ ആത്മഹത്യ ചെയ്തിരിന്നു.



