29 January, 2026 11:48:35 AM
എന്‍ഡിഎയിലേക്ക് ഇല്ല; മുതലമടയില്‍ രാജിവെച്ച് ട്വന്റി 20 പ്രവര്‍ത്തകര്‍

പാലക്കാട്: എന്‍ഡിഎ മുന്നണിയില്‍ ചേരാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് പാലക്കാട്ടെ ട്വന്റി 20 യിലും കൂട്ടരാജി. മുതലമടയില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കല്‍പ്പന ദേവി അടക്കം 50 ഓളം പേര്‍ പാര്‍ട്ടി വിട്ടു. നെന്മാറ, നെല്ലിയാമ്പതി മേഖലകളിലും പ്രവര്‍ത്തകര്‍ കൂട്ടത്തോടെ രാജിവെച്ചിട്ടുണ്ട്.
ജനകീയ വികസന സമിതിയായി പ്രവര്‍ത്തിക്കാനാണ് പാര്‍ട്ടി വിട്ടവരുടെ തീരുമാനം. മുതലമടയില്‍ ചേര്‍ന്ന യോഗത്തിനു ശേഷമാണ് പ്രവര്‍ത്തകര്‍ ഔദ്യോഗികമായി രാജി പ്രഖ്യാപിച്ചത്. ജനങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യണമെങ്കില്‍ സ്വതന്ത്രമായി തുടരുന്നതാണ് നല്ലതെന്ന ഉത്തമബോധ്യത്തെത്തുടര്‍ന്നാണ് ട്വന്റി 20യുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതെന്ന് നേതാക്കള്‍ യോഗശേഷം പറഞ്ഞു.
പാര്‍ട്ടിയില്‍ വിശദമായ കൂടിയാലോചന നടത്താതെയാണ് സാബു എം ജേക്കബ് ട്വന്റി 20 യെ എന്‍ഡിഎ ഘടകകക്ഷിയാക്കാന്‍ തീരുമാനിച്ചതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. നേരത്തെ എന്‍ഡിഎ മുന്നണിയില്‍ ചേരുന്നതില്‍ പ്രതിഷേധിച്ച് എറണാകുളത്തെ ഏതാനും ട്വന്റി 20 പ്രവര്‍ത്തകര്‍ രാജിവെച്ചിരുന്നു. ഇവര്‍ കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തിരുന്നു.



