07 July, 2025 09:25:21 PM


ഇന്തോനേഷ്യയിലെ ലെവോട്ടോബി ലാക്കി ലാക്കി അഗ്നിപർവ്വതം 18 കി.മീ. ചാരം തുപ്പി



ബാലി:  ജപ്പാനിലെ ഷിൻമോഡേക്ക് അഗ്നിപര്‍വ്വതത്തിന് പിന്നാലെ കിഴക്കൻ ഇന്തോനേഷ്യയിലെ ലെവോട്ടോബി ലാക്കി ലാക്കി അഗ്നിപര്‍വ്വതവും സജീവമായി. ആകാശത്ത് ഏതാണ്ട് 18 കിലോമീറ്ററോളം ദൂരത്തിലാണ് 1,584 മീറ്റർ ഉയരമുള്ള അഗ്നിപര്‍വ്വതത്തില്‍ നിന്നുമുള്ള ചാരം തെറിച്ചതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ഇന്ന് പകല്‍ 11.-5 ഓടെയാണ് അഗ്നിപര്‍വ്വതം സജീവമായതെന്ന് അഗ്നിപർവ്വത ശാസ്ത്ര ഏജൻസിയുടെ അറിയിപ്പില്‍ പറയുന്നു. അഗ്നിപര്‍വ്വത സ്ഫോടനത്തില്‍ ഇതുവരെ ആൾനാശം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം ബാലിയിലേക്കും തിരിച്ചുമുള്ള ഡസൻ കണക്കിന് വിമാനങ്ങൾ റദ്ദാക്കിയെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

വിനോദസഞ്ചാര ദ്വീപായ ഫ്ലോറസിലാണ് ലെവോട്ടോബി ലാക്കി ലാക്കി അഗ്നിപര്‍വ്വതം സ്ഥിതി ചെയ്യുന്നത്. അഗ്നിപര്‍വ്വതത്തില്‍ നിന്നും പുറത്ത് വന്ന ചാരം ഏതാണ്ട് 18 കിലോമീറ്റര്‍ ദൂരത്തേക്ക് പരന്ന് കിടന്നു. മഴക്കാലമായതിനാല്‍ കനത്ത മഴ പ്രദേശത്ത് പെയ്യുകയാണെങ്കില്‍ അത് ലഹാര്‍ പ്രളയത്തിന് (അഗ്നിപര്‍വ്വതത്തില്‍ നിന്നും പുറന്തള്ളുന്ന ചാരവും ചളിയും മറ്റ് അവശിഷ്ടങ്ങളും ചേര്‍ന്ന പ്രളയം) കാരണമാകുമെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. അതേസമയം ലെവോട്ടോബി ലാക്കി ലാക്കി അഗ്നിപര്‍വ്വതം വളരെ ഉയർന്ന നിലയിലാണ് സജീവമായിക്കുന്നതെന്നും തുടരെത്തുടരെയുള്ള സ്ഫോടനങ്ങൾക്കും തുടർച്ചയായ ഭൂചലനങ്ങളും ഇതിന്‍റെ സൂചനയാണെന്നും മുന്നറിയിപ്പില്‍ പറയുന്നു.

അഗ്നിപർവ്വതത്തിന്‍റെ ആറ് കിലോമീറ്റര്‍ പരിധിയിലുള്ളവരോട് മാറിത്താമസിക്കാനും മാസ്കുകൾ ധരിച്ച് മാത്രം പുറത്തിറാനും അധികൃതർ ജനങ്ങളോട് ആവശ്യപ്പെട്ടു. കഴിഞ്ഞ നവംബറിൽ ലെവോട്ടോബി ലക്കി ലാക്കി അഗ്നിപര്‍വ്വതം പലതവണ പൊട്ടിത്തെറിച്ചിരുന്നു. ഈ അപകടത്തില്‍ ഒമ്പത് പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകള്‍ പ്രദേശത്ത് നിന്നും ഒഴിഞ്ഞ് പോകാനും നിര്‍ബന്ധിതരായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 916