11 December, 2025 09:49:52 AM


ഓസ്‌ട്രേലിയയിൽ കുട്ടികളുടെ സമൂഹമാധ്യമ വിലക്ക് പ്രാബല്യത്തില്‍



കാൻബറ: ഇനി മുതല്‍ ഓസ്‌ട്രേലിയയില്‍ 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ ലഭിക്കില്ല. ലോകത്തിലെ തന്നെ ഏറ്റവും കര്‍ശനമായ ഓണ്‍ലൈന്‍ സുരക്ഷാ നിയമങ്ങളിലൊന്ന് ഓസ്‌ട്രേലിയയില്‍ ഡിസംബർ 10 ബുധനാഴ്ച മുതല്‍ നിലവില്‍ വന്നു. പ്രധാന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ 16 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾ അക്കൗണ്ടുകള്‍ തുടങ്ങുന്നത് ഔദ്യോഗികമായി നിരോധിച്ചുകൊണ്ടുള്ള ഉത്തരവാണ് നിലവില്‍ വന്നത്. ശക്തമായ ടെക് കമ്പനികളില്‍ നിന്ന് രാജ്യം ''നിയന്ത്രണം തിരിച്ചുപിടിച്ചുവെന്ന്'' നടപടി പ്രഖ്യാപിച്ചുകൊണ്ട് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് പറഞ്ഞു.

യുവാക്കളെ സംരക്ഷിക്കുക എന്നതാണ് ഈ നടപടിയുടെ ലക്ഷ്യമെന്നും ഇത്തരത്തില്‍ ലോകത്ത് സ്വീകരിക്കുന്ന ആദ്യത്തെ നടപടിയാണ് ഇതെന്നും അല്‍ബനീസ് വിശേഷിപ്പിച്ചു. സോഷ്യല്‍ മീഡിയയുടെ കുട്ടികളുടെ മേലുള്ള മോശം സ്വാധീനത്തിന്റെ കാര്യത്തില്‍ 'ഇത് മതി' എന്ന് വ്യക്തമാക്കുകയാണ് നടപടിയിലൂടെയെന്ന് അദ്ദേഹം പറഞ്ഞു.
പുതിയ നിയമം പ്രകാരം 16 വയസ്സന് താഴെയുള്ള ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ നീക്കം ചെയ്യാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ബാധ്യസ്ഥരാണ്. ഇല്ലെങ്കില്‍ കനത്ത പിഴ അവരില്‍ നിന്ന് ഈടാക്കും. നിയമം പ്രാബല്യത്തില്‍ വന്നതോടെ ഓസ്‌ട്രേലിയയില്‍ ഉടനീളമുള്ള 16 വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് തങ്ങളുടെ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ടിക് ടോക് മുതലായ നിരവധി പ്ലാറ്റ്‌ഫോമുകളിലേക്കുള്ള ആക്‌സസ് നഷ്ടമായി.

ഓസ്‌ട്രേലിയയില്‍ 13നും 15നും ഇടയില്‍ പ്രായമുള്ള ഏകദേശം 3.5 ലക്ഷം ഉപയോക്താക്കള്‍ തങ്ങള്‍ക്കുണ്ടെന്ന് ഇന്‍സ്റ്റഗ്രാം പറഞ്ഞു. എല്ലാ ഓസ്‌ട്രേലിയക്കാരും തങ്ങളുടെ പ്രായം സ്ഥിരീകരിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും 16 വയസ്സിന്  താഴെയുള്ളവരാണെന്ന് സംശയിക്കുന്നവരോട് അത് തെളിയിക്കാന്‍ ആവശ്യപ്പെട്ടേക്കാം.

ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, സ്‌നാപ്ചാറ്റ്, ടിക് ടോക്ക് എന്നിവയ്ക്കും കിക്ക്, ട്വിച്ച് പോലെയുള്ള സ്ട്രീമിംഗ് സേവനങ്ങള്‍ക്കും നിരോധനം ബാധകമാണ്. വിദ്യാഭ്യാസപരമായ ഉപയോഗങ്ങള്‍ ചൂണ്ടിക്കാട്ടി ഒഴിവാക്കാമെന്ന് സര്‍ക്കാര്‍ നേരത്തെ സൂചിപ്പിച്ചിരുന്നുവെങ്കിലും യൂട്യൂബിനെയും പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്. നിലവില്‍ റോബ് ലോക്‌സ്, പിന്‍ട്രസ്റ്റ്, വാട്ട്‌സ്ആപ്പ് എന്നിവയെ പട്ടികയില്‍ നിന്ന് ഒഴിവാക്കി. എന്നാല്‍ പട്ടിക സംബന്ധിച്ച് അവലോകനം നടന്നുകൊണ്ടിരിക്കുകയാണെന്നും അതില്‍ മാറ്റം വന്നേക്കാമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 945