22 September, 2025 10:52:39 AM


അബ്ദുല്‍ റഹീമിന് ആശ്വാസവിധി; കൂടുതല്‍ ശിക്ഷ ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി



റിയാദ്: സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുല്‍ റഹീമിന് ആശ്വാസവിധി. കൂടുതല്‍ ശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി. കീഴ്ക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു. റഹീമിനെതിരെ ഇനി മറ്റു നിയമനടപടികള്‍ ഒന്നും ഉണ്ടാകുകയില്ല.

കീഴ്ക്കോടതി വിധിക്കെതിരെ പ്രോസിക്യൂഷന്‍ നല്‍കിയ അപ്പീല്‍ തള്ളിയതോടെ, റഹീമിന്റെ 20 വര്‍ഷത്തെ തടവുശിക്ഷ അന്തിമമായി. 2026 മെയ് മാസത്തില്‍ ഈ ശിക്ഷാകാലാവധി പൂര്‍ത്തിയാകും. ശിക്ഷ പൂര്‍ത്തിയാകുന്നതോടെ റഹീമിന് ജയില്‍മോചിതനായി നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കും.

2006 നവംബറിലാണ് സൗദി ബാലനായ അനസ് അല്‍ ഫായിസിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അബ്ദുല്‍ റഹീം അറസ്റ്റിലാകുന്നത്. തുടര്‍ന്ന് 2012-ല്‍ കോടതി വധശിക്ഷ വിധിച്ചു. സ്വകാര്യ അവകാശ നിയമപ്രകാരമുള്ള ഈ വധശിക്ഷ ഒഴിവായത് ഒരു വര്‍ഷം മുന്‍പാണ്. ലോകമെമ്പാടുമുള്ള മലയാളികളുടെ സഹായത്തോടെ സമാഹരിച്ച 1.5 കോടി റിയാല്‍ (ഏകദേശം 34 കോടി ഇന്ത്യന്‍ രൂപ) ദിയാധനം (നഷ്ടപരിഹാരം) നല്‍കിയതോടെയാണ് കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബം മാപ്പ് നല്‍കിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K