10 November, 2025 07:23:20 PM


ഡാഗെസ്താനിൽ റഷ്യന്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് അഞ്ചുപേര്‍ മരിച്ചു



മോസ്‌കോ: റഷ്യയിലെ റിപബ്ലിക് ഓഫ് ഡാഗെസ്താനില്‍ ഉണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ റഷ്യന്‍ സൈനിക ഫാക്ടറിയിലെ നാല് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു. ഡാഗെസ്താനിലെ കിസ്ലിയാര്‍ ഇലക്ട്രോ മെക്കാനിക്കല്‍ പ്ലാന്റിലെ ജീവനക്കാരുമായി പോയ കെഎ -226 ഹെലികോപ്റ്ററാണ് തകര്‍ന്നത്.

കാസ്പിയന്‍ കടലിനടുത്തുള്ള ഗ്രാമത്തില്‍ നിയന്ത്രണം വിട്ട് തകര്‍ന്നുവീഴുകയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന അപകടത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ഹെലികോപ്റ്റര്‍ ബീച്ചില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ അതിന്റെ പിന്‍ഭാഗം ഒരു പാറയില്‍ ഇടിച്ചതിനാല്‍ റോട്ടര്‍ ഒടിഞ്ഞുപോയി.

നിയന്ത്രണം നഷ്ടപ്പെട്ട ഹെലികോപ്റ്റര്‍ പിന്നീട് കാസ്പിയന്‍ കടലിനോട് ചേര്‍ന്നുള്ള ഗ്രാമത്തിലെ ആളൊഴിഞ്ഞ വീട്ടില്‍ ഇടിച്ചു തകരുകയായിരുന്നു. തുടര്‍ന്ന് ഉണ്ടായ തീപിടിത്തത്തിലാണ് ആള്‍നാശം സംഭവിച്ചത്. സംഭവത്തില്‍ റഷ്യയുടെ ഫെഡറല്‍ വ്യോമയാന ഏജന്‍സിയായ റോസാവിയറ്റ്‌സിയ, അപകടത്തെ ഒരു 'ദുരന്തം' ആയി പ്രഖ്യാപിക്കുകയും ഔദ്യോഗിക അന്വേഷണം ആരംഭിക്കുകയും ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 911