28 October, 2025 08:14:24 PM


കെനിയയില്‍ വിമാനം തകര്‍ന്നുവീണ് അപകടം: 12 പേര്‍ കൊല്ലപ്പെട്ടു



നെയ്‌റോബി: കെനിയയില്‍ ചെറുവിമാനം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ 12 പേര്‍ക്ക് ജീവന്‍ നഷ്ടമായതായി റിപ്പോര്‍ട്ട്. ക്വാലെ കൗണ്ടിയിലെ ടിസിംബ ഗോലിനിയിലാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു സംഭവം. 12 പേര്‍ കൊല്ലപ്പെട്ടെന്നും മരിച്ചവരില്‍ ഏറെയും വിനോദസഞ്ചാരികള്‍ ആണെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിനോദസഞ്ചാര കേന്ദ്രമായ ദിയാനിയില്‍ നിന്ന് മറ്റൊരു വിനോദസഞ്ചാര കേന്ദ്രമായ കിച്വ ടെംബോ എന്ന സ്ഥലത്തേക്ക് പറന്നുയര്‍ന്ന 5 വൈ-സിസിഎ എന്ന വിമാനമാണ് തകര്‍ന്നുവീണത്.

ഡയാനി എയര്‍സ്ട്രിപ്പില്‍ നിന്ന് നാല്‍പ്പത് കിലോമീറ്റര്‍ അകലെ വനത്തിനടുത്തുളള കുന്നിന്‍പ്രദേശത്താണ് അപകടമുണ്ടായത്. വിമാനാപടകത്തില്‍ മരിച്ച 12 പേരും വിദേശ വിനോദസഞ്ചാരികളാണ്. എന്നാല്‍ ഇവര്‍ ഏതൊക്കെ രാജ്യങ്ങളില്‍ നിന്നുളളവരാണെന്ന് പിന്നീട് സ്ഥിരീകരിക്കുമെന്ന് ക്വാലെ കൗണ്ടി കമ്മീഷണര്‍ സ്റ്റീഫന്‍ ഒറിന്‍ഡെ പറഞ്ഞു. സെസ്‌ന കാരവന്‍ വിഭാഗത്തില്‍പ്പെട്ട വിമാനം അപകടത്തില്‍പ്പെടാനുളള കാരണം വ്യക്തമല്ല.

എത്ര യാത്രക്കാരും ജീവനക്കാരും വിമാനത്തില്‍ ഉണ്ടായിരുന്നു എന്നത് സംബന്ധിച്ച കൃത്യമായ കണക്കും പുറത്തുവന്നിട്ടില്ല. പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം വിമാനം തകര്‍ന്നുവീണ് തീപ്പിടിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധം കത്തിക്കരിഞ്ഞ നിലയിലാണ്. മോശം കാലാവസ്ഥ ഉള്‍പ്പെടെയുളള ഘടകങ്ങളാകാം ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K