19 January, 2026 09:10:55 AM


സ്‌പെയിനില്‍ അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ചു; 21 പേര്‍ക്ക് ദാരുണാന്ത്യം



മാഡ്രിഡ്: സ്‌പെയിനില്‍ അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 21 പേര്‍ക്ക് ദാരുണാന്ത്യം. ഞായറാഴ്ച വൈകുന്നേരമുണ്ടായ സംഭവത്തില്‍ നിരവധിപ്പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തെക്കന്‍ സ്‌പെയിനിലെ അദാമുസ് പട്ടണത്തിനടുത്താണ് അപകടം നടന്നത്.

മലാഗയില്‍ നിന്ന് സ്‌പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡിലേക്ക് പോവുകയായിരുന്ന അതിവേഗ ട്രെയിന്‍ പാളം തെറ്റി തൊട്ടടുത്ത ട്രാക്കിലേക്ക് വീഴുകയായിരുന്നു. ഈ സമയം എതിര്‍ദിശയില്‍ മാഡ്രിഡില്‍ നിന്ന് ഹുവെല്‍വയിലേക്ക് വരികയായിരുന്ന രണ്ടാമത്തെ ട്രെയിന്‍ ഇതിലേക്ക് ഇടിക്കുകയും പാളം തെറ്റി വലിയ ദുരന്തമുണ്ടാവുകയുമായിരുന്നു.

മലാഗയില്‍ നിന്ന് ട്രെയിൻ പുറപ്പെട്ട് പത്ത് മിനിറ്റിനുള്ളിലാണ് അപകടമുണ്ടായത്. മലാഗയില്‍ നിന്നുള്ള ട്രെയിനില്‍ ഏകദേശം 300 യാത്രക്കാര്‍ ഉണ്ടായിരുന്നതായാണ് വിവരം. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും. ബോഗികള്‍ക്കുള്ളില്‍ നിരവധിപ്പേരാണ് കുടുങ്ങിക്കിടന്നത്.

ദുരന്തത്തില്‍ സ്പെയിന്‍ രാജാവ് ഫിലിപ്പ് ആറാമനും രാജ്ഞി ലെറ്റീഷ്യയും അതീവ ദുഃഖം രേഖപ്പെടുത്തി. ദുരിതബാധിതരെ സഹായിക്കാന്‍ സര്‍ക്കാര്‍ എല്ലാ സജ്ജീകരണങ്ങളും ഒരുക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് വ്യക്തമാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 941