28 June, 2025 07:01:45 PM


പാകിസ്താനിൽ ചാവേറാക്രമണം; 13 പാക് സൈനികർ കൊല്ലപ്പെട്ടു



ഇസ്ലാമാബാദ്: പാകിസ്താനിൽ ചാവേറാക്രമണം. 13 പാക് സൈനികർ കൊല്ലപ്പെട്ടെന്ന് വിവരം. പ്രദേശവാസികൾ അടക്കം 30ലധികം പേർക്ക് പരുക്കേറ്റു. ഖൈബർ പക്തൂൺഖ്വയിലാണ് ആക്രമണം ഉണ്ടായത്. സ്ഫോടക വസ്തു നിറച്ച വാഹനം സൈനിക വാഹന വ്യൂഹത്തിലേക്ക് ഇടിച്ച് കയറ്റുകയായിരുന്നു. പരുക്കേറ്റവരിൽ ആറ് പേർ കുട്ടികളാണ്.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. എന്നാൽ മേഖലയിൽ തെഹ്രീക്-ഇ-താലിബാൻ പാകിസ്ഥാൻ (ടിടിപി) നടത്തുന്ന ആക്രമണങ്ങൾ നടത്താറുണ്ടായിരുന്നു. സ്ഫോടനത്തിൽ രണ്ട് വീടുകളുടെ മേൽക്കൂരകൾ തകർന്നു. ഖൈബർ പഖ്തൂൺഖ്വ, ബലൂചിസ്ഥാൻ മേഖലകളിൽ തീവ്രവാദ ആക്രമണങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഏറ്റവും പുതിയ ചാവേർ ബോംബാക്രമണം.

2025 ലെ ആഗോള ഭീകരവാദ സൂചിക അനുസരിച്ച്, തീവ്രവാദവുമായി ബന്ധപ്പെട്ട മരണങ്ങളിൽ പാകിസ്ഥാൻ 45% വർദ്ധനവ് രേഖപ്പെടുത്തി. 2023 ൽ 748 ൽ നിന്ന് 2024 ൽ 1,081 ആയി ഉയർന്നു. തീവ്രവാദ മരണങ്ങളുടെ കാര്യത്തിൽ ആഗോളതലത്തിൽ രണ്ടാം സ്ഥാനത്താണ് പാകിസ്ഥാൻ. 2021-ൽ അഫ്​ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയതിനുശേഷം പാകിസ്താനുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ അക്രമത്തിൽ കുത്തനെ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 925