23 June, 2025 11:29:17 PM


ഖത്തറിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാന്റെ ആക്രമണം; ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ്



ദോഹ: ഖത്തറിലെ യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്റെ ആക്രമണം. ദോഹയ്ക്ക് പുറത്തുള്ള മരുഭൂമിയില്‍ സ്ഥിതി ചെയ്യുന്ന യുഎസിന്റെ അല്‍ ഉദൈദ് വ്യോമതാവളത്തിന് നേരെയാണ് ഇറാന്റെ ആക്രമണം നടന്നത്. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളില്‍ ഒന്നാണിത്. ഏകദേശം പതിനായിരം സൈനികരാണ് ഇവിടെയുള്ളത്. 24 ഹെക്ടറാണ് ഇതിന്റെ വിസ്തൃതി. ഖത്തറിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെയുള്ള ആക്രമണത്തിന് ഓപ്പറേഷന്‍ ബഷാരത്ത് അല്‍-ഫത്ത് എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

ഇറാന്റെ ആക്രമണത്തെ അപലപിച്ച് ഖത്തര്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് മജീദ് അല്‍ അന്‍സാരി രംഗത്തെത്തി. ഖത്തറിന്റെ പരമാധികാരത്തിന്റേയും അന്താരാഷ്ട്ര നിയമത്തിന്റേയും ലംഘനമാണ് നടന്നതെന്ന് മജീദ് അല്‍ അന്‍സാരി പറഞ്ഞു. ആക്രമണത്തില്‍ ആളപായമോ പരിക്കോയില്ല. ഇറാന്‍ നടത്തിയത് യുഎന്‍ ചാര്‍ട്ടറിന്റെ ലംഘനമാണ്. ആക്രമണങ്ങള്‍ അവസാനിപ്പിക്കണം. ഇതിനായി അടിയന്തരമായി ചര്‍ച്ചകളിലേയ്ക്ക് കടക്കണമെന്നും മജീദ് അല്‍ അന്‍സാരി ആവശ്യപ്പെട്ടു. ഇറാന്റെ മിസൈല്‍ ആക്രമണം തടഞ്ഞുവെന്നും ഖത്തര്‍ അവകാശപ്പെട്ടു. വിവരങ്ങള്‍ പ്രതിരോധസേന ഉടന്‍ പുറത്തുവിടുമെന്നും മജീദ് അല്‍ അന്‍സാരി വ്യക്തമാക്കി. അതേസമയം തങ്ങളുടെ ലക്ഷ്യം ഖത്തറല്ലെന്ന് ഇറാന്‍ പ്രതികരിച്ചു. ഖത്തര്‍ സഹോദര തുല്യമായ രാജ്യമാണ്. ആക്രമണം ഖത്തര്‍ ജനതയ്ക്ക് ഭീഷണിയാകില്ലെന്നും ഇറാന്‍ പറഞ്ഞു.

ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഖത്തറിലെ ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണമെന്ന് എംബസി മുന്നറിയിപ്പ് നല്‍കി. ആളുകള്‍ വീടുകളില്‍ തുടരുകയും ജാഗ്രത പാലിക്കുകയും വേണം. ഖത്തര്‍ അധികാരികളുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും എംബസി നിര്‍ദേശം നല്‍കി. ഖത്തറില്‍ എട്ടരലക്ഷത്തോളം ഇന്ത്യക്കാര്‍ ഉള്ളതായാണ് വിവരം. അതിനിടെ കൊച്ചിയില്‍ നിന്ന് നാളെ പുലര്‍ച്ചെ 4.15 ന് ഖത്തറിലേക്ക് പുറപ്പെടേണ്ട ഖത്തര്‍ എയര്‍വേസ് സര്‍വീസ് റദ്ദ് ചെയ്തു. വൈകിട്ട് ഏഴിന് ഖത്തറിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം മസ്‌ക്കറ്റിലേക്ക് തിരിച്ചുവിട്ടു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K