09 June, 2025 08:56:31 AM


സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം



തിരുവനന്തപുരം: 52 ദിവസം നീണ്ടുനില്‍ക്കുന്ന ട്രോളിങ് നിരോധനം ഇന്ന് മുതല്‍. ജൂലൈ 31ന് അര്‍ധരാത്രി വരെയാണ് നിരോധനം. പരമ്പരാഗത വള്ളങ്ങള്‍ക്ക് മത്സ്യബന്ധനത്തിലേര്‍പ്പെടാന്‍ വിലക്കില്ലെങ്കിലും ഇരട്ട വള്ളങ്ങള്‍ ഉപയോഗിച്ചുള്ള മീന്‍പിടിത്തം കര്‍ശനമായി നിരോധിച്ചു. വലിയ വള്ളങ്ങള്‍ക്കൊപ്പം ഉപയോഗിക്കുന്ന കരിയര്‍ വള്ളങ്ങള്‍ കൊണ്ടുപോകുന്നതിലും നിയന്ത്രണമുണ്ട്.

നിരോധനം ലംഘിക്കുന്ന ബോട്ടുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. ഹാര്‍ബറുകളിലും ഫിഷ് ലാന്‍ഡിങ് സെന്ററുകളിലും പ്രവര്‍ത്തിക്കുന്ന ബങ്കുകളുടെ പ്രവര്‍ത്തനവും ഇന്നു മുതല്‍ നിലയ്ക്കും. ട്രോളിങ് നിരോധനത്തിന്റെ ഭാഗമായി എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചു. കേരള തീരം വിടണമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് ഇതര സംസ്ഥാന മത്സ്യബന്ധന ബോട്ടുകള്‍ സംസ്ഥാനത്തുനിന്ന് മടങ്ങിത്തുടങ്ങി. ട്രോളിങ് നിരോധനംമൂലം തൊഴില്‍ നഷ്ടപ്പെടുന്ന യന്ത്രവല്‍ക്കൃത മീന്‍പിടിത്ത യാനങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും പീലിങ് തൊഴിലാളികള്‍ക്കും സൗജന്യ റേഷന്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K