23 May, 2025 12:00:56 PM
'മോദിയെ പാട്ടിലൂടെ അധിക്ഷേപിച്ചു'; വേടനെതിരെ എൻഐഎക്ക് പരാതി നൽകി ബിജെപി കൗൺസിലർ

പാലക്കാട്: റാപ്പർ വേടനെതിരെ വീണ്ടും പരാതിയുമായി ബിജെപി. പാട്ടിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. പാലക്കാട് നഗരസഭയിലെ ബിജെപി കൗൺസിലർ മിനി കൃഷ്ണകുമാറാണ് പരാതി നൽകിയത്. പ്രധാനമന്ത്രിയെ കപട ദേശീയവാദിയെന്ന് വിളിച്ചുവെന്നും വാളെടുത്തവന്റെ കൈയിലാണ് രാജ്യം എന്ന് അധിക്ഷേപിച്ചുവെന്നും പരാതിയിൽ പറയുന്നു. രാജ്യത്തിന്റെ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച വേടനെതിരെ കേസെടുക്കണമെന്നാണ് ആവശ്യം.
കഴിഞ്ഞ ദിവസം വേടനെതിരെ ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെ പി ശശികല രംഗത്ത് വന്നിരുന്നു. റാപ്പ് സംഗീതമാണോ ഇവിടുത്തെ പട്ടികജാതി- പട്ടികവിഭാഗക്കാരുടെ തനതായ കലാരൂപമെന്നും വേടന്മാരുടെ തുണിയില്ലാച്ചാട്ടങ്ങള്‍ക്കുമുമ്പിലാണ് സമാജം അപമാനിക്കപ്പെടുന്നതെന്നും ശശികല പറഞ്ഞു.
പട്ടികജാതി- പട്ടികവിഭാഗക്കാരുടെ വ്യക്തിത്വം ഉറപ്പിക്കേണ്ടത് റാപ് സംഗീതത്തിലൂടെയാണോയെന്നും ഗോത്രസംസ്‌കൃതി അതാണോയെന്നും ശശികല തുറന്നടിച്ചു. പട്ടികജാതി- പട്ടിക വര്‍ഗ വികസന വകുപ്പിന്റെ ഫണ്ട് ചെലവഴിച്ച് പാലക്കാട്ട് ഒരു പരിപാടി നടത്തുമ്പോള്‍ പട്ടികജാതി- പട്ടികവര്‍ഗ വിഭാഗവുമായി പുലബന്ധം പോലുമില്ലാത്ത റാപ്പ് മ്യൂസിക്കാണോ അവിടെ നടത്തേണ്ടെതെന്നും വിമർശനം ഉന്നയിച്ചു.