13 May, 2025 12:29:37 PM


കരിപ്പൂർ വിമാനത്താവളത്തിൽ 9 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി; രണ്ട് പേര്‍ അറസ്റ്റില്‍



കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ പൊലീസ് 9 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളായ രണ്ടു പേരെ അറസ്റ്റ് ചെയ്തു. മട്ടന്നൂര്‍ ഇടവേലിക്കല്‍ കുഞ്ഞിപറമ്പത്ത് വീട്ടില്‍ റിജില്‍(35), തലശ്ശേരി പെരുന്താറ്റില്‍ ഹിമം വീട്ടില്‍ റോഷന്‍ ആര്‍ ബാബു(33) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

അബുദാബിയില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന 18 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് ഇന്നലെ രാത്രി പൊലീസ് പിടിച്ചെടുത്തത്. ഇവര്‍ക്ക് കഞ്ചാവ് എത്തിച്ചയാള്‍ രക്ഷപ്പെട്ടു. ഇയാള്‍ക്ക് വേണ്ടി തെരച്ചില്‍ തുടങ്ങി. അബുദാബിയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ ഇത്തിഹാദ് എയര്‍വേയ്‌സിന്‍റെ വിമാനത്തിലാണ് കഞ്ചാവ് കടത്തിയത്. ട്രോളി ബാഗില്‍ 14 കവറുകളിലായാണ് കഞ്ചാവ് അടുക്കിവെച്ചിരുന്നത്.

കഞ്ചാവ് വാങ്ങാന്‍ വിമാനത്താവളത്തിലെത്തി കാത്തു നില്‍ക്കുകയായിരുന്നു റോഷനും റിജിലും. ഇവരെയാണ് ആദ്യം പൊലീസ് പിടികൂടുന്നത്. സംശയകരമായ സാഹചര്യത്തില്‍ വിമാനത്താവള പരിസരത്ത് കണ്ട ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കഞ്ചാവ് കടത്തിയ ആളെക്കുറിച്ച് വിവരം ലഭിച്ചത്. പൊലീസ് എത്തിയത് മനസിലാക്കിയതിനെത്തുടര്‍ന്ന് ഇയാള്‍ ടാക്‌സിയില്‍ രക്ഷപ്പെട്ടു. പൊലീസ് പിടികൂടുമെന്ന് ഉറപ്പായപ്പോള്‍ ട്രോളി ബാഗ് കാറില്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K