05 May, 2025 08:31:09 PM


കുട്ടികളിലെ മയക്കുമരുന്ന് ഉപയോഗം: അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനം - മുഖ്യമന്ത്രി



പാലക്കാട്: കുട്ടികളിലെ മയക്ക് മരുന്ന് ഉപയോഗംതടയുന്നതിന് ആവശ്യമായ പരിശീലനം അധ്യാപകര്‍ക്ക് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പാലക്കാട് കോസ്‌മോപോളിറ്റന്‍ ക്ലബ്ബില്‍ നടന്ന ജില്ലാതല യോഗത്തില്‍ ക്ഷണിതാക്കളുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. അതിനായി വരുന്ന ജൂണ്‍ മുതല്‍ വലിയ രീതിയിലുള്ള കാംപയിനുകള്‍ നടത്താന്‍ നിശ്ചയിച്ചിട്ടുണ്ട്. കുട്ടികളില്‍ വ്യക്തിഗതമായ ശ്രദ്ധ കൊടുക്കേണ്ടതും അവരുമായി ഏറ്റവും കൂടുതല്‍ ഇടപഴകുന്നതും അധ്യാപകരാണ്. ഇന്നത്തെ കാലത്ത് മയക്ക് മരുന്ന് വ്യാപനം കുട്ടികളില്‍ സ്വാധീനമുണ്ടാക്കാതിരിക്കാന്‍ അധ്യാപകര്‍ക്ക് കഴിയും. അധ്യാപകര്‍ നല്ല കൗണ്‍സിലര്‍മാരാകുന്നതിനുള്ള പരിശീലനവും അത്തരത്തിലുള്ള ഇടപെടലുകളും ഉണ്ടാകുക എന്നതാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

കലോത്സവ വേദികളില്‍ ഉണ്ടാകാറുള്ള പരാതികള്‍ക്ക് കാലത്തിന് അനുസരിച്ച് അനുഭവത്തില്‍ നിന്ന് ആവശ്യമായ മാറ്റങ്ങള്‍ സ്വീകരിക്കാന്‍ ശ്രമിക്കും. കുട്ടികളുടെ മാനസീകാരോഗ്യം ശക്തിപ്പെടുത്തുന്നതിനായി പഠനം മാത്രമല്ലാതെ കല, സാഹിത്യം, സ്‌പോര്‍ട്ട്‌സ്, ഗെയിംസ് എന്നിവയ്ക്ക് പ്രാധാന്യം നല്‍കണം.  മൊത്തത്തില്‍ കുട്ടികളുടെ മാനസീകാരോഗ്യം ശക്തിപ്പെടുത്തുന്നതിന് ശക്തമായ ഇടപെടലുകള്‍ ഉണ്ടാകണം. അവര്‍ക്ക് കളിച്ച് വളരാനുള്ള അവസരം ഉണ്ടാകണം.കുട്ടിയുമായി പങ്കിടുന്ന സമയം മാതാപിതാക്കള്‍ കൂടുതല്‍ ശ്രദ്ധിക്കണം. കുട്ടികള്‍ക്ക് പലയിടത്തും കളിസ്ഥലങ്ങള്‍ ഇല്ലാത്ത അവസ്ഥ സാമൂഹ്യ പ്രശ്‌നമായി കണക്കിലെടുത്ത് ഇടപെടാനാകും.

കുട്ടികള്‍ മയക്കുമരുന്നിന് അടിമപ്പെട്ട് പോയാല്‍ സമൂഹത്തില്‍ ഒറ്റപ്പെട്ട് പോകാതെ എങ്ങനെ തിരുത്തിയെടുക്കാം എന്നാണ് ശ്രദ്ധിക്കേണ്ടത്. കൗണ്‍സിലിങ് , ഡി അഡിക്ഷന്‍ സെന്ററുകളുടെ സേവനം ആവശ്യമായി വന്നാല്‍ മടിച്ചു നില്‍ക്കാതെ അവയുടെ സേവനം പ്രയോജനപ്പെടുത്തണം. ഡീ അഡിക്ഷന്‍ സെന്ററുകളില്‍ നിന്ന് മുക്തമായി വന്നാല്‍ മാതാപിതാക്കളും അധ്യാപകരും  കുട്ടിയെ ചേര്‍ത്ത് നിര്‍ത്തണം.

ആദിവാസികള്‍ക്ക് നല്‍കുന്ന ഭൂമി ഉപയോഗിക്കാന്‍ പറ്റാവുന്നതും കൃഷിയോഗ്യമായതും തന്നെ ആയിരിക്കണം ലഭ്യമാകേണ്ടത്. തെറ്റായ പ്രവണതകള്‍ ഗൗരവകരമായി കണക്കിലെടുത്ത് ആദിവാസികള്‍ക്ക് പ്രത്യേക പരിഗണന നല്‍കിക്കൊണ്ടാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ആദിവാസികള്‍ക്ക് നല്‍കുന്ന ഭൂമിക്ക് പട്ടയം ലഭിച്ച് കഴിഞ്ഞാല്‍ അവരെ കബളിപ്പിച്ച് കൈവശപ്പെടുത്താനുള്ള പ്രത്യേക ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ടു. ഇത്തരം പ്രവണതകള്‍ക്കെതിരെ പൊതുസമൂഹം ജാഗ്രത പാലിക്കണം. അവര്‍ക്ക് ആവശ്യമായ മുന്‍ഗണന നല്‍കിയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ഡിജിറ്റല്‍ സര്‍വേ അട്ടപ്പാടിയില്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും.

വന്യജീവി ആക്രമണം വലിയ പ്രശ്‌നമായി നിലനില്‍ക്കുകയാണ്. അത് നേരിടുന്നതിനായി കാട്ടിലെ ആവാസവ്യവസ്ഥ നിലനിര്‍ത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. മൃഗങ്ങള്‍ക്ക് ആവശ്യമായ, വെള്ളം, ഭക്ഷണം എന്നിവയുടെ ലഭ്യത ഉറപ്പാക്കുന്നതിനോടൊപ്പം ആവാസ വ്യവസ്ഥയ്ക്ക് ദോഷകരമായി ബാധിക്കുന്ന അധിനിവേശ സസ്യങ്ങള്‍ പൂര്‍ണ്ണ ഒഴിവാക്കുന്നതിനും നിലവിലുള്ളവ നിലനിര്‍ത്തുന്നതിനും പ്രാധാന്യം കൊടുക്കുന്നുണ്ട്.

തൊഴിലില്ലായ്മ പ്രശ്‌നം നല്ല രീതിയില്‍ പരിഹരിക്കാന്‍ കഴിഞ്ഞു. നൈപുണ്യ വികസനത്തിനുള്ള  പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ സംസ്ഥാനത്ത് നടക്കുന്നുണ്ട്. അസാപ് പോലെയുള്ള നൈപുണ്യ വികസന പദ്ധതികള്‍ മികച്ച രീതിയില്‍ നടക്കുന്നുണ്ട്.  നെല്ല് സംഭരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചചെയ്ത് ഉപസമിതിയെ തീരുമാനിച്ച് ആവശ്യമായ ഇടപെടലുകള്‍ ഉണ്ടാകുമെന്ന തലത്തിലേക്ക് നീങ്ങുകയാണ്. നാട്ടുവൈദ്യവും നാട്ടറിവും ഉപയോഗിക്കാനാകണം, അവ സംരംക്ഷിക്കാനുള്ള ഇടപെടലുകളാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. മൂന്ന് വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ നൈപുണ്യപരിശീലനം നല്‍കുകയും കോളേജുകളില്‍ പ്രത്യേക പരിശീലനം ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നതായും മുഖ്യമന്ത്രി മറുപടിയായി പറഞ്ഞു.

പരിപാടിയില്‍ വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിച്ചു.തദ്ദേശ സ്വയംഭരണ എക്‌സൈസ്, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ്, ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. ജി.ആര്‍ അനില്‍, വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍,  ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി കെ രാമചന്ദ്രന്‍, എം.എല്‍.എ മാരായ മുഹമ്മദ് മുഹസിന്‍, പി.മമ്മിക്കുട്ടി, കെ. പ്രേംകുമാര്‍, അഡ്വ. കെ ശാന്തകുമാരി, എ. പ്രഭാകരന്‍, പി.പി സുമോദ്, കെ.ഡി പ്രസേനന്‍, കെ.ബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, ജില്ലാകളക്ടര്‍ ജി. പ്രിയങ്ക, ലാന്‍ഡ് റെവന്യൂ കമ്മീഷ്ണര്‍ ഡോ.എ കൗശിഗന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 925