05 May, 2025 06:42:17 PM
കൈക്കൂലിക്കേസ്; ബിൽഡിംഗ് ഇൻസ്പെക്ടർ സ്വപ്നയെ വിജിലൻസ് കസ്റ്റഡിയിൽ വിട്ടു

മൂവാറ്റുപുഴ: കൈക്കൂലി കേസിൽ അറസ്റ്റിലായ കൊച്ചി കോർപ്പറേഷനിലെ ബിൽഡിംഗ് ഇൻസ്പെക്ടർ എ സ്വപ്നയെ വിജിലൻസ് കസ്റ്റഡിയിൽ വിട്ടു. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്. കഴിഞ്ഞ ദിവസം കൊച്ചി കോർപ്പറേഷൻ സ്വപനയെ സസ്‌പെൻഡ് ചെയ്‌തിരുന്നു. കൊച്ചി മേയറിന്റെ നിർദേശപ്രകാരമായിരുന്നു സസ്‌പെൻഡ് ചെയ്തത്. തൃശ്ശൂർ സ്വദേശിയായ സ്വപ്ന കുടുംബവുമായി നാട്ടിലേക്ക് പോകും വഴിയാണ് പൊന്നുരുന്നിക്ക് സമീപം വിജിലൻസ് കയ്യോടെ പിടികൂടിയത്. സ്വന്തം കാറിൽവച്ച് കൈക്കൂലിയായി 15,000 രൂപ വാങ്ങുമ്പോഴാണ് സ്വപ്‌ന പിടിയിലാകുന്നത്. സ്വപ്നയുടെ കാറിൽ നിന്ന് 45,000 രൂപയും കണ്ടെത്തിയിരുന്നു.
മൂന്നു നില അപാർട്മെന്റിലെ 20 ഫ്ലാറ്റുകൾക്കു നമ്പറിട്ടു നൽകാനായിരുന്നു സ്വപ്ന കൈക്കൂലി ആവശ്യപ്പെട്ടത്.പരാതിക്കാരൻ ജനുവരിയിൽ അപേക്ഷ നൽകിയെങ്കിലും പല കാരണങ്ങൾ പറഞ്ഞ് നടപടി വൈകിപ്പിച്ചു. സ്വപ്ന നിർദേശിച്ച മാറ്റങ്ങൾ വരുത്തിയിട്ടും നമ്പർ ലഭിക്കാതെ വന്നതോടെ ഒരു നിലക്ക് 5000 രൂപ വീതം 15,000 രൂപ ആവശ്യപ്പെട്ടതോടെയാണ് പരാതിക്കാരൻ വിജിലൻസിനെ സമീപിച്ചത്. വിജിലൻസ് തയ്യാറാക്കിയ കൊച്ചി കോര്‍പ്പറേഷനിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടികയിലെ മുന്‍നിരക്കാരിയാണ് പിടിയിലായ സ്വപ്ന.
അതേസമയം, താനാണ് കൊച്ചിൻ കോർപ്പറേഷനിൽ ഏറ്റവും കുറവ് കൈക്കൂലി വാങ്ങുന്നതെന്നായിരുന്നു സ്വപ്ന മൊഴി നൽകിയിരുന്നത്. ബിൽഡിംഗ് ഇൻസ്പെക്ടർമാരും,ഹെൽത്ത് ഇൻസ്പെക്ടർമാരും കൈക്കൂലിക്കാരാണ്. ബിൽഡിംഗ് ഇൻസ്പെക്ടർമാർ കൂട്ടമായി കൈക്കൂലി വാങ്ങി വീതം വെക്കാറുണ്ടെന്നും കൈക്കൂലിക്ക് കൊച്ചിൻ കോർപ്പറേഷനിൽ പ്രത്യേക റേറ്റ് നിലവിൽ ഉണ്ടെന്നും സ്വപ്ന നൽകിയ മൊഴിയിൽ സൂചിപ്പിച്ചിരുന്നു.