27 October, 2026 10:15:30 AM
ചേരാനല്ലൂർ വാഹനാപകടം: ജഡ്ജിയെ ചോദ്യം ചെയ്തു; തൻ്റെ അറിവോടെയല്ല മകൻ കാറെടുത്തതെന്ന് മൊഴി

കൊച്ചി: നാടിനെ നടുക്കിയ ചേരാനല്ലൂർ വാഹനാപകടക്കേസിൽ നിർണായക നീക്കങ്ങളുമായി പോലീസ്. അപകടമുണ്ടാക്കിയ കാറിന്റെ ഉടമയായ അഡീഷണൽ ജഡ്ജിയെ പോലീസ് ചോദ്യം ചെയ്തു. ആലുവയിലെ ഫ്ലാറ്റിലെത്തിയാണ് അന്വേഷണ സംഘം ജഡ്ജിയുടെ മൊഴിയെടുത്തത്. സ്വന്തം അറിവോടെയോ സമ്മതത്തോടെയോ അല്ല മകൻ കാറെടുത്തതെന്നാണ് ജഡ്ജി നൽകിയ മൊഴി.
അതേസമയം, ജഡ്ജിക്കെതിരായ അച്ചടക്ക നടപടിയിൽ ഉടൻ തീരുമാനമുണ്ടാകും. ഹൈക്കോടതി ചീഫ് ജസ്റ്റിസും നാല് മുതിർന്ന ജഡ്ജിമാരും അടങ്ങുന്ന അച്ചടക്ക സമിതിയ്ക്ക മുന്നിൽ സമർപ്പിക്കാനുള്ള റിപ്പോർട്ട് തയ്യാറായിട്ടുണ്ട്. സമിതി യോഗം ചേർന്ന ശേഷം തുടർനടപടികൾ പ്രഖ്യാപിക്കും. വീഴ്ച പറ്റിയെന്ന് പോർട്ട്ഫോളിയോ ജഡ്‌ജ് ഹൈക്കോടതി അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിക്ക് റിപ്പോർട്ട് നൽകി.
17-കാരനായ പ്രതിക്ക് ജുവനൈൽ ജസ്റ്റിസ് ബോർഡ് നൽകിയ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പോലീസ് മജിസ്‌ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകി. അപകടസമയത്ത് ആഡംബര കാർ മണിക്കൂറിൽ 104 കിലോമീറ്റർ അതിവേഗതയിലായിരുന്നുവെന്ന് പോലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സ്വന്തം ഇൻസ്റ്റാഗ്രാം അക്കൗണ്ട് 17-കാരൻ ഡിലീറ്റ് ചെയ്തതായി കണ്ടെത്തി. തെളിവ് നശിപ്പിക്കാനായിരുന്നു ഈ നീക്കം.


