24 July, 2026 09:03:12 PM
ഹിമാചൽ പ്രദേശിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ പാറ ഇടിഞ്ഞു വീണു; 13 പേർക്ക് ദാരുണാന്ത്യം

ഷിംല: ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിലുണ്ടായ ദാരുണമായ മലയിടിച്ചിലിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിലേക്ക് കൂറ്റൻ പാറക്കല്ല് ഇടിഞ്ഞുവീണ് 13 പേർ മരിച്ചു . കില്ലാർ-ഉദയ്പൂർ റോഡിൽ കടു നല്ലയ്ക്ക് സമീപമാണ് അപകടമുണ്ടായത്. മരിച്ചവരിൽ ആറുമാസം പ്രായമുള്ള കുഞ്ഞും ഉൾപ്പെടുന്നു.
കുള്ളുവിൽ നിന്ന് കില്ലാറിലേക്ക് യാത്ര ചെയ്തിരുന്ന 15 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പെട്ടെന്ന് മലമുകളിൽ നിന്ന് വൻ പാറക്കല്ല് ഇവർ സഞ്ചരിച്ചിരുന്ന കാറിന് മുകളിലേക്ക് പതിക്കുകയായിരുന്നു. ഇടിച്ചതിന്റെ ആഘാതത്തിൽ പൂർണ്ണമായി തകർന്ന വാഹനത്തിന് നിമിഷങ്ങൾക്കകം തീപിടിക്കുകയും ചെയ്തതാണ് ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചത്. കാറിലുണ്ടായിരുന്ന രണ്ടുപേർ അത്ഭുതകരമായി രക്ഷപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
വിവരമറിഞ്ഞെത്തിയ പോലീസും പ്രാദേശിക രക്ഷാപ്രവർത്തകരും ഏറെ ശ്രമകരമായാണ് തകർന്ന കാറിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും മൃതദേഹങ്ങൾ പുറത്തെടുത്തത്. മോശം കാലാവസ്ഥയെ തുടർന്ന് മുൻദിവസം ഉദയ്പൂർ-കില്ലർ പാത അടച്ചിട്ടിരിക്കുകയായിരുന്നു. തുടര്‍ന്ന് ടിണ്ടിയിൽ തങ്ങിയ ഇവർ പാത വീണ്ടും തുറന്നതോടെ യാത്ര തുടരുന്നതിനിടയിലാണ് ദാരുണമായ അപകടത്തിൽപ്പെട്ടത്.


