28 August, 2026 09:28:29 AM


വീണ്ടും മന്തി ചോറ് ചോദിച്ചു; തിരുവനന്തപുരത്ത് വിദ്യാര്‍ഥികള്‍ക്ക് ഹോട്ടല്‍ ജീവനക്കാരുടെ മര്‍ദനം



തിരുവനന്തപുരം: കുഴിമന്തി കടയില്‍ വീണ്ടും ചോറ് ചോദിച്ചതിനു വിദ്യാര്‍ഥികളെ മര്‍ദിച്ചതായി പരാതി. ആക്കുളത്തെ ക്യാപിറ്റല്‍ മന്തിയിലാണ് തൊഴിലാളികളും വിദ്യാര്‍ഥി സംഘവും തമ്മില്‍ സംഘര്‍ഷമുണ്ടായത്. സംഭവത്തിന് പിന്നാലെ കുട്ടികളുടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. ഹോട്ടല്‍ ഉടമയടക്കം മൂന്നുപേരെ പേട്ട പൊലീസ് കസ്റ്റഡിയിലെടുത്തു.

ഹാഫ് മന്തിക്കൊപ്പം കൂടുതൽ ചോറ് ആവശ്യപ്പെട്ടതോടെയാണ് വാക്കുതര്‍ക്കമുണ്ടായത്. ഫുള്‍ മന്തിക്കൊപ്പം മാത്രം അധികമായി റൈസ് നല്‍കാന്‍ സാധിക്കൂവെന്നായിരുന്നു കടയിലെ ജീവനക്കാരുടെ വാദം. എട്ടാം ക്ലാസിലും ഒന്‍പതാം ക്ലാസിലും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഹോട്ടലിലെ ജീവനക്കാരും പുറത്തുനിന്നു വിളിച്ചുവരുത്തിയ ആളുകളും ഉള്‍പ്പെടെ ഇരുപതോളം പേര്‍ ചേര്‍ന്നാണ് കുട്ടികളെ ഉപദ്രവിച്ചതെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.

പാച്ചല്ലൂര്‍ സ്വദേശികളായ ഹാജ, ആഷിക്, ആസിഫ്, ഹാരിഷ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. കുട്ടികള്‍ ഹാഫ് മന്തിയാണ് ഓര്‍ഡര്‍ ചെയ്തിരുന്നത്. രണ്ടാമത് ചോറ് ചോദിച്ചപ്പോള്‍ ഹോട്ടലുകാര്‍ തരില്ലെന്ന് പറഞ്ഞതായി വിദ്യാര്‍ഥികള്‍ പറയുന്നു. പൈസ കൊടുത്ത് വാങ്ങാമെന്ന് കുട്ടികള്‍ പറഞ്ഞിട്ടും ചോറില്ലെന്ന് പറഞ്ഞ് ഇവരെ പുറത്താക്കിയെന്നാണ് പരാതി. തര്‍ക്കത്തിനൊടുവില്‍ ഹോട്ടല്‍ ജീവനക്കാര്‍ പൊതിരെ തല്ലിയെന്നും പരാതിയില്‍ പറയുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 305