19 August, 2026 10:24:49 AM


നെയ്യാറ്റിൻകരയിൽ തുണിക്കച്ചവടത്തിന്റെ മറവില്‍ ലഹരിവില്‍പ്പന; അമ്മയും മകനുമടക്കം 4 പേര്‍ പിടിയില്‍



നെയ്യാറ്റിന്‍കര: തലസ്ഥാനത്ത് വൻ ലഹരിവേട്ട. തുണിക്കച്ചവടത്തിന്റെ മറവിൽ എംഡിഎംഎ കടത്താൻ ശ്രമിച്ച അമ്മയും മകനും ഉൾപ്പെടെ നാലംഗ സംഘത്തെ എക്സൈസ് നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് പിടികൂടി.125 ഗ്രാം എംഡിഎംഎ യുമായി ഇന്ന് പുലര്‍ച്ചെയാണ് പിടിയിലായത്. തുണിക്കച്ചവടത്തിന്റെ മറവില്‍ നടത്തിയിരുന്ന മയക്കുമരുന്ന് കടത്തില്‍ എട്ടുവയസ്സുകാരിയായ ഒരു പെണ്‍കുട്ടിയെയും ഇവര്‍ ഉപയോഗിച്ചതായിട്ടാണ് വിവരം.

നെയ്യാറ്റിന്‍കരയിലെ ആറാലുംമൂട്ടില്‍ ഇന്ന് പുലര്‍ച്ചെ പോലീസ് നടത്തിയ വാഹനപരിശോധനയിലാണ് കുടുങ്ങിയത്. മാതാവ് ബീന, മകന്‍ കിരണ്‍, പെണ്‍സുഹൃത്ത് സന്ധ്യ, മറ്റൊരു സുഹൃത്ത് അക്ഷയ് എന്നിവരാണ് പിടിയിലായത്. മഹീന്ദ്രാ സൈലോ വാഹനത്തില്‍ ബംഗലുരുവില്‍ നിന്നുമായിരുന്നു ഇവര്‍ സിന്തറ്റിക് ഡ്രഗ്ഗുകള്‍ കടത്തിയിരുന്നത്. പോലീസിന് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പോലീസിന്റെ പരിശോധന. കുടുംബമായിട്ടുള്ള യാത്ര എന്ന വ്യാജേനെയായിരുന്നു കടത്തെന്നാണ് വിവരം.

സിനിമയെ വെല്ലുന്ന തിരക്കഥയാണ് മയക്കുമരുന്ന് കടത്തിന് സംഘം ഉപയോഗിച്ചത്. നേരത്തേ മുതല്‍ ഇവര്‍ പോലീസിന്റെയും ഡാന്‍സാഫ് സംഘത്തിന്റെയും കണ്ണുവെട്ടിച്ച് മയക്കുമരുന്ന് കടത്തുകയും തിരുവനന്തപുരം കേന്ദ്രീകരിച്ച് വില്‍പ്പന നടത്തിവരികയുമായിരുന്നു. കിരണ്‍ എട്ടുവയസ്സുള്ള മകളുമായിട്ടാണ് യാത്രകള്‍ നടത്തിയിരുന്നത്. അതുകൊണ്ടു തന്നെ സംശയിക്കപ്പെടുന്ന സാഹചര്യം ഉണ്ടായിരുന്നില്ല.  മാതാവും പെണ്‍സുഹൃത്ത് കൂടി വരുമ്പോള്‍ കുടുംബം യാത്രപോയി വരുന്നു എന്ന വ്യാജേനെയായിരുന്നു കടത്ത്. എന്നാല്‍ അടുത്തിടെ കുടുംബത്തിനെ കുറിച്ച് പോലീസിന് രഹസ്യവിവരം കിട്ടുകയായിരുന്നു. ഇതോടെയാണ് പോലീസ് വാഹനം പരിശോധിച്ചത്.

സംസ്ഥാനത്തെ ഏറ്റവും വലിയ സിന്തറ്റിക് ലഹരി പിടുത്തമാണ് ഇതെന്നാണ് വിവരം. കുടുംബം ഇഞ്ചയ്ക്കലില്‍ ഒരു ടെക്‌സ്‌റ്റൈല്‍ ഷോപ്പ് നടത്തി വരികയാണ്. ഈ പശ്ചാത്തലം വെച്ച് തുണിക്കച്ചവടത്തിന്റെ മറവിലായിരുന്നു മയക്കുമരുന്ന് കടത്ത്. തുണി കൊണ്ടുവരാനെന്ന വ്യാജേനെ ബംഗലുരുവില്‍ എത്തിയായിരുന്നു സിന്തറ്റിക് ഡ്രഗ്‌സ് കടത്തിലേക്ക് നീങ്ങിയിരുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കും. ബംഗലുരുവിന് പുറമേ മറ്റു മാഫിയാ സംഘങ്ങളുമായി ബന്ധമുണ്ടോ എന്ന പരിശോധനയിലാണ് പോലീസ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 925