14 August, 2026 10:20:37 AM
കൊല്ലത്ത് അയല്‍വാസിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം വയോധികന്‍ ജീവനൊടുക്കി

കൊല്ലം: കൊല്ലത്ത് വഴിത്തർക്കത്തെ തുടർന്ന് അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം വയോധികൻ തൂങ്ങിമരിച്ചു. പേരൂർ കുറ്റിച്ചിറ പാലൂർ വീട്ടിൽ മനോഹരൻ പിള്ളയാണ് (70) മരിച്ചത്. അയൽവാസിയായ ഷാജഹാനാണ് വെട്ടേറ്റത്. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവങ്ങളുടെ തുടക്കം. വഴിത്തർക്കവുമായി ബന്ധപ്പെട്ട് മനോഹരൻ പിള്ളയും ഷാജഹാനും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് മനോഹരൻ പിള്ള ഷാജഹാന്റെ കഴുത്തിന് വെട്ടിപ്പരുക്കേൽപ്പിക്കുകയുമായിരുന്നു. പരുക്കേറ്റ ഷാജഹാനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിനു പിന്നാലെ ഉച്ചയോടെയാണ് മനോഹരൻ പിള്ളയെ സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കിളികൊല്ലൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭാര്യ: സരസ്വതി. മക്കൾ: ശ്രീജിഷ്, പരേതയായ മനോഷ. മരുമകൾ: രഹ്ന. സംസ്കാരം ഇന്ന് ഉച്ചയ്ക്കുശേഷം നടക്കും.


