22 July, 2026 09:39:11 AM


ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് വാങ്ങി വീട്ടിലെത്തി; പെട്രോളൊഴിച്ച് തീകൊളുത്തി യുവതി മരിച്ചു

 

തിരുവനന്തപുരം: കല്ലമ്പലത്ത് യുവതി ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തി മരിച്ചു. നാവായിക്കുളം കുടവൂർ കണ്ണത്തുകോണം കൈലാസത്തിൽ ശശിധരൻപിള്ളയുടെയും സ്നേഹലതയുടെയും മകൾ വിദ്യ (37 -കൊച്ചുമോൾ) ആണ് മരിച്ചത്.

കഴിഞ്ഞദിവസം വൈകീട്ട് 5.45-ഓടെയായിരുന്നു സംഭവം. പനിയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യ നിർബന്ധപൂർവം ഡിസ്ചാർജ് വാങ്ങി വീട്ടിലെത്തുകയായിരുന്നു. തുടർന്ന് സ്കൂട്ടിയിൽ ഒഴിക്കാനായി വാങ്ങിസൂക്ഷിച്ചിരുന്ന പെട്രോൾ ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നു എന്നാണ് വിവരം.

ശബ്ദം കേട്ടെത്തിയ ബന്ധുക്കളും നാട്ടുകാരും ചേർന്ന് ഉടൻ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 80 ശതമാനത്തോളം പൊള്ളലേറ്റ വിദ്യ രാത്രിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

സീമന്തപുരത്ത് വനിതാ ഹോട്ടൽ നടത്തിവരികയായിരുന്ന വിദ്യ ഭർത്താവ് മനോജുമായി വേർപിരിഞ്ഞു കഴിയുകയായിരുന്നു. കടുത്ത കടബാധ്യതയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്‌കരിച്ചു. സംഭവത്തിൽ കല്ലമ്പലം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K