22 July, 2026 03:33:19 PM


വെമ്പായം ബാറിലെ ഏറ്റുമുട്ടൽ; സംഘർഷത്തിൽ ഗുരുതരമായി പൊള്ളലേറ്റ പ്രതി അനീഷ് മരിച്ചു



തിരുവനന്തപുരം: വെമ്പായം ബാറിലെ സംഘർഷത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പ്രതി അനീഷ് മരിച്ചു. സംഭവത്തിൽ രണ്ടാമത്തെ മരണമാണിത്. സംഘത്തിൽ ഉണ്ടായിരുന്ന നവാസ് കഴിഞ്ഞദിവസം മരണപ്പെട്ടിരുന്നു. മരിച്ച അനീഷ് സമീപത്തെ പമ്പിൽ നിന്ന് പെട്രോൾ വാങ്ങി ബാറിൽ എത്തിയശേഷം തീ കൊളുത്തുകയായിരുന്നു. തീ കൊളുത്തുന്നതിനിടയിൽ അനീഷിനും പൊള്ളലേൽക്കുകയായിരുന്നു. തുടർ‌ന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിലായിരുന്നു.

അനീഷിന് 80 ശതമാനത്തിൽ അധികം പൊള്ളലേറ്റിരുന്നു. പരിക്കേറ്റ ശ്യാം, റിയാസ്, അരുൺ, നൗഫൽ എന്നിവർ ചികിത്സയിലാണ്. അനീഷ് ആണ് പെട്രോളൊഴിച്ച് തീകൊളുത്തിയത്. വെമ്പായം ഹോട്ടൽ ആൻഡ് റസിഡൻസിയിലാണ് ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ സംഘർഷം ഉണ്ടായത്. ബാറിലെ എ സി മുറിയിൽ ഇരുന്ന് മദ്യപിച്ചവർ തമ്മിലായിരുന്നു പ്രശ്നം. തർക്കത്തിനിടെ ബാറിൽനിന്ന് പുറത്തുപോയ അനീഷ് പെട്രോൾ വാങ്ങി തിരിച്ചെത്തുകയും ബാറിലുണ്ടായിരുന്നവർക്കുനേരേ ഒഴിച്ചശേഷം തീ കൊളുത്തുകയുമായിരുന്നു.
ഇതിനിടെ അനീഷിന്റെ ശരീരത്തിലും തീ പടർന്നു. 

പെട്ടെന്ന് തീ പടർന്നതോടെ ബാറിനുള്ളിൽ ഉണ്ടായിരുന്നവർ പരിഭ്രാന്തരായി പുറത്തേക്ക് ഓടി. മുറിയിലെ സോഫയിലും മറ്റുമുണ്ടായ അഗ്‌നിബാധ ഫയർഫോഴ്സ് എത്തിയാണ് കെടുത്തിയത്. സംഭവ സമയത്ത് ബാറിലെ എസി ഹാളിൽ 30 ഓളം പേർ ഉണ്ടായിരുന്നു. എട്ടോളം പേർ മദ്യപിച്ചിരുന്ന സംഘത്തിലേക്ക് അനീഷ് എത്തുകയായിരുന്നു. അവരുടെ കൂടെയിരുന്നു മദ്യപിക്കുകയും കുറച്ചുകഴിഞ്ഞ് അനീഷ് ഇവരുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും ചെയ്തു. ഇത് ചെറിയ സംഘർഷത്തിൽ കലാശിച്ചു. തുടർന്ന് അനീഷ് പുറത്തേക്ക് പോയി. അരമണിക്കൂറിന് ശേഷം തിരിച്ചെത്തിയ അനീഷിന്റെ കയ്യിൽ കന്നാസിൽ പെട്രോളുണ്ടായിരുന്നു. അനീഷും സംഘവും തമ്മിലുണ്ടായ പിടിവലിയിൽ പെട്രോൾ മറ്റുള്ളവരുടെ പുറത്തേക്ക് ഒഴിക്കുകയും തീ കത്തിക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 924