24 August, 2026 01:19:40 PM
കഠിനംകുളത്ത് ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: കഠിനംകുളത്ത് ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റു. പുത്തൻതോപ്പിന് സമീപം ഓട്ടോയും ബൈക്കും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. ബൈക്കോടിച്ചിരുന്ന മരിയനാട് ആറാട്ടുമുക്ക് സ്വദേശി ഷോൺ (30) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ നാലരയോടെ തീരദേശ പാതയിലെ പുത്തൻതോപ്പ് അണക്കപ്പിള്ള ജംഗ്ഷനിൽ ആയിരുന്നു അപകടം. തുമ്പ ഭാഗത്തേക്ക് വന്ന ബൈക്കും പെരുമാതുറ ഭാഗത്തേക്ക് പോയ ഓട്ടോയും ആണ് കൂട്ടിയിടിച്ചത്. മെഡിക്കൽ കോളേജ് സ്റ്റാൻഡിലെ ഓട്ടോയാണ് അപകടത്തിൽപെട്ടത്. ഓട്ടോ ഡ്രൈവർ ആക്കുളം തുറുവിക്കൽ സ്വദേശിയായ ഷാജുകുമാറിനാണ് ഗുരുതരമായി പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും നാട്ടുകാരും പോലീസും ചേർന്ന് മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോഴേക്കും ബൈക്കോടിച്ചിരുന്ന ഷോൺ മരിച്ചിരുന്നു. കഠിനംകുളം പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.


