20 September, 2026 06:38:26 PM


കൊല്ലത്ത് പോലീസിന് നേരെ ആക്രമണം; സ്ത്രീകളടക്കം 4 പേർ അറസ്റ്റിൽ



കരുനാഗപ്പള്ളി : കൊല്ലത്ത് വധശ്രമക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് സംഘത്തിനു നേരെ സ്ത്രീകളടങ്ങുന്ന നാലംഗ സംഘത്തിന്റെ ആക്രമണം. ഡിവൈ.എസ്.പി സ്ക്വാഡിലെ പോലീസുകാർക്ക് നേരെയുണ്ടായ ആക്രമണത്തിൽ അടൂർ എസ്.ഐ ജിനുവിന് തലയ്ക്ക് സാരമായി പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് പ്രതി ജെറിൻ, കരുനാഗപ്പള്ളി സ്വദേശികളായ രേഷ്മ, രമ്യ, ഹർഷ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. അടൂർ പോലീസ് രജിസ്റ്റർ ചെയ്ത വധശ്രമക്കേസിലെ പ്രതി ജെറിൻ കരുനാഗപ്പള്ളിയിലെ വീടൊന്നിലുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് ഡിവൈ.എസ്.പി സ്ക്വാഡും എസ്.ഐ ജിനുവും സ്ഥലത്തെത്തിയത്. ഈ സമയം വീട്ടിലുണ്ടായിരുന്ന ജെറിനോടും ഒപ്പമുണ്ടായിരുന്ന മൂന്ന് സ്ത്രീകളോടും തങ്ങൾ പോലീസാണെന്ന് വ്യക്തമാക്കിയെങ്കിലും സംഘം അക്രമാസക്തരാവുകയായിരുന്നു.

പോലീസുകാരെ തടഞ്ഞുനിർത്തിയ സ്ത്രീകൾ അടക്കമുള്ള സംഘം എസ്.ഐ അടക്കമുള്ള ഉദ്യോഗസ്ഥരെ മർദ്ദിക്കുകയും കടിക്കുകയും ചെയ്തു. ഇതിനിടയിൽ സംഘത്തിലൊരാൾ ചുടുകട്ട ഉപയോഗിച്ച് എസ്.ഐ ജിനുവിന്റെ തലയ്ക്കടിക്കുകയായിരുന്നു. തുടർന്ന് കൂടുതൽ പോലീസുകാർ സ്ഥലത്തെത്തിയാണ് അക്രമികളെ കീഴടക്കി നാലു പേരെയും കസ്റ്റഡിയിലെടുത്തത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 937