10 July, 2026 07:09:54 PM


ജഡ്ജിമാരെ അസഭ്യം പറഞ്ഞു, പേപ്പറുകൾ വലിച്ചെറിഞ്ഞു; സുപ്രീംകോടതിയിൽ യുവാവിന്റെ പരാക്രമം



ഡൽഹി: സുപ്രീം കോടതിയിൽ കടലാസുകൾ കീറിയെറിഞ്ഞ് നാടകീയ രംഗങ്ങൾ സൃഷ്ടിച്ച് യുവാവ്. കേസ് വാദിക്കാനെത്തിയ ഹർജിക്കാരനാണ് ജഡ്ജിമാർക്കെതിരെ അസഭ്യവർഷം നടത്തി കടലാസുകൾ കീറിയെറിഞ്ഞത്. ജസ്റ്റിസുമാരായ കെ.വി. വിശ്വനാഥൻ, അലോക് അരാധേ എന്നിവർക്ക് മുന്നിലായിരുന്നു നാടകീയ രംഗങ്ങൾ അരങ്ങേറിയത്. അലഹബാദ് ഹൈക്കോടതിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നതിനിടെയായിരുന്നു നാടകീയ സംഭവം.

നേരിട്ട് ഹാജരായ ഹർജിക്കാരൻ തന്റെ വാദങ്ങൾ അവതരിപ്പിക്കുന്നതിനിടെ അക്രമാസക്തമാകുകയായിരുന്നു. ലഖ്നൗ എസിപിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ഞാൻ നിങ്ങളോട് ഉത്തരവിടുന്നുവെന്നും ഇയാൾ പറഞ്ഞു. സുരക്ഷാ ജീവനക്കാർ ഉടൻ തന്നെ നടപടിയെടുക്കുകയും കോടതിമുറിയിൽ നിന്ന് ഇയാളെ പുറത്താക്കുകയും ചെയ്തു. അതേസമയം, ഇയാാൾക്കെതിരെ നിയമനടപടി വേണ്ടെന്ന് കോടതി നിർദേശിച്ചു.

ഉത്തർപ്രദേശ് സ്വദേശിയായ പ്രഭാൽ പ്രതാപ് എന്ന വ്യക്തിയാണ് സ്വന്തമായി കേസ് വാദിക്കാനെത്തിയത്. ഇയാൾ അഭിഭാഷകനായിരുന്നില്ല. കേസ് വാദത്തിനെടുത്തപ്പോൾ 'ലഖ്‌നൗ എസിപിക്കെതിരെ എഫ്ഐആർ. രജിസ്റ്റർ ചെയ്യാൻ ഉത്തരവിടണമെന്ന് സുപ്രീം കോടതിയോട് ഞാൻ ഉത്തരവിടുന്നു' എന്ന് ഇയാൾ കോടതിയോട് പറഞ്ഞു. എന്നാൽ, 'നിങ്ങൾ കോടതിയോട് ഉത്തരവിടുകയാണോ?' എന്ന് ജസ്റ്റിസ് വിശ്വനാഥൻ ചോദിച്ചു. പിന്നാലെയാണ് ഇയാൾ അസഭ്യവർഷം നടത്തുകയും പ്രകോപിതനാവുകയും ചെയ്തത്. ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇയാളുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾ സുരക്ഷാ ജീവനക്കാർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 929