26 June, 2026 08:12:59 PM
മൂലം വള്ളംകളി വിവാദം; ചമ്പക്കുളത്ത് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു

ആലപ്പുഴ: മൂലം വള്ളംകളി അവധി വിവാദത്തില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി വി ഡി സതീശന്റെ കോലം കത്തിച്ചു. മൂലം ജലോത്സവം ഫാന്‍സ് ക്ലബിന്റെ നേതൃത്വത്തിലാണ് ചമ്പക്കുളത്ത് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചത്. മുഖ്യമന്ത്രി കുട്ടനാട് എംഎല്‍എ റെജി ചെറിയാനെ അപമാനിച്ചെന്നാരോപിച്ചായിരുന്നു പ്രതിഷേധം. ലോകമെമ്പാടുമുള്ള വള്ളംകളി പ്രേമികളെ അവഹേളിക്കുന്ന രീതിയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണമെന്നും പ്രതിഷേധക്കാർ ആരോപിച്ചു.
ചമ്പക്കുളം മൂലം വള്ളംകളി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ ജി അരുണ്‍കുമാര്‍, മുന്‍ എംഎല്‍എ കെ കെ ഷാജു എന്നിവരാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. മുഖ്യമന്ത്രിയുടേത് ധിക്കാരപൂര്‍വമായ സമീപനമാണെന്നും കുട്ടനാടന്‍ ജനതയെ മുഴുവര്‍ ഇതിലൂടെ അപമാനിച്ചെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. മുഖ്യമന്ത്രി പരസ്യമായി മാപ്പ് പറയണമെന്നാണ് മൂലം ജലോത്സവം ഫാന്‍സ് ക്ലബിന്റെ ആവശ്യം.
ഇന്നലെയായിരുന്നു നിയമസഭയിൽ മുഖ്യമന്ത്രിയുടെ വിവാദ പരാമർശമുണ്ടായത്. കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍ അവതരിപ്പിച്ച സബ്മിഷന് മറുപടി നല്‍കിയതിന് പിന്നാലെ മുഖ്യമന്ത്രി നടത്തിയ പ്രതികരണം മൈക്കിലൂടെ പുറത്താകുകയായിരുന്നു. ജൂണ്‍ 29ന് നടക്കുന്ന മൂലം വള്ളംകളി ദിവസം കുട്ടനാട് താലൂക്കിന് പ്രാദേശിക അവധി അനുവദിക്കണം എന്നായിരുന്നു റെജി ചെറിയാന്റെ സബ്മിഷന്‍. വള്ളംകളി ദിവസം കുട്ടനാട് താലൂക്കിന് അവധി അനുവദിക്കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിച്ച് തീരുമാനിക്കും എന്നായിരുന്നു സതീശന്‍ മറുപടി നല്‍കിയത്. ഇതിന് ശേഷം സീറ്റില്‍ ഇരുന്നശേഷം 'ഒരു കാരണവശാലും കൊടുക്കില്ല' എന്നായിരുന്നു സതീശന്‍ പറഞ്ഞത്. ഇതാണ് മൈക്കിലൂടെ പുറത്തുവന്നത്.




