03 June, 2026 12:51:39 PM
വെള്ളത്തിന്റെ അളവ് നോക്കുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണ് ഓട്ടോ ഡ്രൈവർ മരിച്ചു

കണ്ണൂർ: വീട്ടുമുറ്റത്തെ കിണറ്റിലെ വെള്ളത്തിന്റെ അളവ് പരിശോധിക്കുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണ് ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു. കരുവഞ്ചാൽ കൂളാമ്പിയിലെ പുളിയൻപറമ്പിൽ രാജേഷ് (43) ആണ് മരിച്ചത്. കരുവഞ്ചാൽ ടൗണിലെ ഓട്ടോ ഡ്രൈവറാണ് ഇദ്ദേഹം. ഇന്ന് രാവിലെയാണ് രാജേഷിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് കിണർ വൃത്തിയാക്കാൻ രാജേഷ് തൊഴിലാളികളെ ഏർപ്പാടാക്കിയിരുന്നു. ഇതിനായി പുലർച്ചെ നാല് മണിയോടെ മോട്ടോർ അടിച്ച് കിണറ്റിലെ വെള്ളം വറ്റിക്കാൻ തുടങ്ങി. തുടർന്ന് കിണറ്റിൽ എത്രത്തോളം വെള്ളം കുറഞ്ഞിട്ടുണ്ടെന്ന് നോക്കാൻ പോയതായിരുന്നു രാജേഷ്. ഈ സമയത്ത് അബദ്ധത്തിൽ കാൽവഴുതി കിണറ്റിലേക്ക് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.
രാജേഷിനെ കാണാതായതിനെ തുടർന്ന് പരിഭ്രാന്തരായ വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് കിണറ്റിൽ വീണുകിടക്കുന്നത് കണ്ടത്. ഉടൻ തന്നെ ഫയർഫോഴ്സിനെ വിവരമറിയിക്കുകയും അവർ എത്തിയാണ് മൃതദേഹം പുറത്തെടുത്തതും. ജീബയാണ് ഭാര്യ. രാജേഷിന് രണ്ട് മക്കളുണ്ട്.



