20 June, 2026 05:52:05 PM


കാഞ്ഞങ്ങാട് പട്രോളിംഗിനിടെ കാറിടിച്ച സംഭവം; പോലീസുകാരുടെ കാലുകൾ മുറിച്ചുനീക്കി



കാസർഗോഡ്: കാസർഗോഡ്  ദേശീയപാതയിൽ ഹൈവേ പട്രോളിങ്ങിനിടെ നിയന്ത്രണം വിട്ട കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ രണ്ട് സിവിൽ പോലീസ് ഓഫീസർമാരുടെ കാലുകൾ ശസ്ത്രക്രിയയിലൂടെ മുറിച്ചുമാറ്റി. കാഞ്ഞങ്ങാട് സ്റ്റേഷനിലെ സിപിഒമാരായ സൂരജ് (32), അലോഷ്യസ് (39) എന്നിവർക്കാണ് അപകടമുണ്ടായത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് നടന്ന ശസ്ത്രക്രിയയിൽ ഒരു ഉദ്യോഗസ്ഥന്റെ കാൽ മുട്ടിന് താഴെ വെച്ചും മറ്റേയാളുടെ കാൽപ്പാദവുമാണ് മുറിച്ചുമാറ്റേണ്ടി വന്നത്. പോലീസ് ക്ലബ്ബിലെ മുൻ ഫുട്ബോൾ താരം കൂടിയാണ് പരിക്കേറ്റ സൂരജ്.

വ്യാഴാഴ്ച ഉച്ചയോടെ ഐങ്ങോത്ത് വെച്ച് വാഹന പരിശോധന നടത്തുന്നതിനിടയിലാണ് അപകടമുണ്ടായത്. ദേശീയപാതയോരത്ത് അപകടമുണ്ടാക്കുന്ന രീതിയിൽ പാർക്ക് ചെയ്തിരുന്ന ലോറികൾ അവിടെ നിന്ന് മാറ്റാൻ നിർദേശിക്കുകയായിരുന്നു പോലീസ് ഉദ്യോഗസ്ഥർ. ഈ സമയത്ത് കാഞ്ഞങ്ങാടുനിന്ന് കണ്ണൂരിലെ ആശുപത്രിയിലേക്ക് പോവുകയായിരുന്ന അമിതവേഗതയിലുള്ള കാർ നിയന്ത്രണം വിട്ട് ഉദ്യോഗസ്ഥരെ ഇടിക്കുകയായിരുന്നു. തുടർന്ന് പോലീസ് ജീപ്പിന്റെ പിന്നിലിടിച്ചാണ് കാർ നിന്നത്. ജീപ്പിനും കാറിനും ഇടയിൽ പെട്ടുപോയ ഇരുവർക്കും ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ ഇവരെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് അതീവ ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു.

അപകടവിവരമറിഞ്ഞ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, തൃക്കരിപ്പൂർ എംഎൽഎ സന്ദീപ് വാര്യർ എന്നിവർ ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളെയും ആശുപത്രി അധികൃതരെയും ബന്ധപ്പെടുകയും ആവശ്യമായ എല്ലാ മികച്ച ചികിത്സാ സഹായങ്ങളും ഉറപ്പാക്കാൻ ജില്ലാ പോലീസ് മേധാവിക്ക് നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K