24 June, 2026 01:02:20 PM
ദുരൂഹത ഒഴിയുന്നു; വാണിയപ്പാറ കല്ലറയിൽ രണ്ട് മൃതദേഹങ്ങള്‍ മാത്രം

കണ്ണൂര്‍: വാണിയപ്പാറ ഇന്‍ഫന്റ് ജീസസ് പളളിയിലെ കല്ലറയില്‍ ദുരൂഹതയില്ല. കല്ലറയില്‍ രണ്ട് മൃതദേഹങ്ങള്‍ മാത്രമേയുള്ളൂവെന്ന് കണ്ടെത്തി. പ്രാഥമിക പരിശോധനയില്‍ രണ്ട് മൃതദേഹം മാത്രമാണ് കണ്ടെത്തിയത്. സംശയാസ്പദമായി കണ്ട പായ മൃതദേഹത്തിന് അടിയില്‍ വച്ചതെന്നാണ് പൊലീസ് പറയുന്നത്. കല്ലറയില്‍ മൂന്ന് മൃതദേഹം ഉണ്ടെന്നതായിരുന്നു പള്ളിയുടെ പരാതി. മൃതദേഹങ്ങളുടെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇതുവരെ കിട്ടിയ തെളിവുകള്‍ അനുസരിച്ച് അസ്വാഭാവികത ഇല്ലെന്നാണ് പൊലീസ് പറയുന്നത്.
സെമിത്തേരിയില്‍ ഒരു മൃതദേഹം സംസ്‌കരിക്കാനായി കല്ലറ തുറന്നപ്പോള്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ ഒരു വസ്തു കണ്ടെത്തുകയായിരുന്നു. മൃതദേഹമാണ് സംശയം ഉയര്‍ന്നതോടെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കല്ലറയില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പ്രദേശവാസികളും രംഗത്തെത്തിയിരുന്നു.
ക്രിസ്ത്യന്‍ ആചാര പ്രകാരം ഒരു മൃതദേഹത്തിന് മേല്‍ മറ്റൊരു മൃതദേഹം ഇങ്ങനെ അടക്കം ചെയ്യില്ലെന്നും സംഭവം അറിഞ്ഞവര്‍ പുറത്ത് പറഞ്ഞില്ലെന്നും പ്രദേശവാസികള്‍ ആരോപിച്ചിരുന്നു. എന്നാല്‍ പളളിയാണ് പൊലീസിനെ വിവരം അറിയിച്ചതെന്ന് നേരത്തെ വികാരി ഫാ. ജില്‍ബര്‍ട്ട് കൊന്നയില്‍ വ്യക്തമാക്കിയിരുന്നു.
നിയമപരമായി മുന്നോട്ടുപോകണമെന്നാണ് പളളിയുടെ നിലപാട്. 2006-ലും 2015-ലും ഈ കല്ലറയില്‍ മൃതദേഹം സംസ്‌കരിച്ചിട്ടുണ്ടെന്ന് വീട്ടുകാര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. 2015-ല്‍ ദുരൂഹ കല്ലറയില്‍ അടക്കിയ ജെയിംസിന്റെ ഭാര്യ സെമിത്തേരിയില്‍ എത്തി. 38-ാം നമ്പര്‍ കല്ലറയിലാണ് ജെയിംസിനെ അടക്കിയതെന്ന് കുടുംബം അറിയിച്ചിരുന്നു. ദുരൂഹത ഉയര്‍ത്തിയ കല്ലറ തന്നെയാണ് ജെയിംസിന്റെ ഭാര്യ തൊട്ടുകാണിച്ചത്. സംഭവത്തില്‍ ദുരൂഹത ആരോപണങ്ങളും പരാതികളും ഉയർന്നതോടെയാണ് കല്ലറ തുറന്നുപരിശോധിക്കാന്‍ തീരുമാനമായത്.



