12 March, 2026 10:11:22 AM


'പവർ ഗ്രൂപ്പ് രാഷ്ട്രീയം അവസാനിപ്പിക്കുക'; വടകരയിൽ മുല്ലപ്പള്ളി രാമചന്ദ്രനെ അനുകൂലിച്ച് പോസ്റ്ററുകൾ



കണ്ണൂര്‍: വടകരയില്‍ മുന്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ അനുകൂലിച്ച് പോസ്റ്റര്‍. മുല്ലപ്പള്ളിയെ അപമാനിക്കുന്ന പവര്‍ ഗ്രൂപ്പ് രാഷ്ട്രീയം അവസാനിപ്പിക്കണമെന്നാണ് പോസ്റ്ററിലെ ആവശ്യം. മുന്‍ കെപിസിസി പ്രസിഡന്റിനെ അപമാനിക്കുന്ന പാര്‍ട്ടി നേതാക്കളെ തിരിച്ചറിയണമെന്നും പോസ്റ്ററില്‍ പറയുന്നു. വടകര പഴയ സ്റ്റാന്‍ഡ് പരിസരത്താണ് യൂത്ത് കോണ്‍ഗ്രസിന്റെ പേരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

'വടകര പാര്‍ലമെന്റില്‍ കോഴിക്കോട് എംപിക്ക് എന്തുകാര്യം? ബിജെപിയുമായുള്ള അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം അവസാനിപ്പിക്കുക. കോണ്‍ഗ്രസ് സിപിഐഎം ബിജെപി നേതാക്കള്‍ തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് തിരിച്ചറിയുക', എന്നും പോസ്റ്ററിലുണ്ട്. നിയമസഭയില്‍ മത്സരിക്കാനുള്ള നീക്കം മുല്ലപ്പള്ളി സജീവമാക്കിയിരുന്നു. ഈ നീക്കത്തെ എതിര്‍ത്ത് നേരത്തെ വടകര ഭാഗത്ത് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

മുസ്‌ലിം ലീഗിന്റെ സ്വാധീന മേഖലയായ നാദാപുരത്ത് മുല്ലപ്പള്ളിക്കെതിരെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. നാദാപുരം നിയോജക മണ്ഡലത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് മത്സരിക്കുന്നതെങ്കില്‍ നിലംതൊടാതെ തോല്‍പ്പിച്ചിരിക്കുമെന്ന മുന്നറിയിപ്പ് പോസ്റ്ററാണ് പതിച്ചിരുന്നത്. സേവ് കോണ്‍ഗ്രസിന്റെ പേരില്‍ പതിച്ച പോസ്റ്ററില്‍ നാദാപുരത്തിന് മുല്ലപ്പള്ളിയെ വേണ്ടേ വേണ്ട എന്നും പറഞ്ഞിരുന്നു.

'മുല്ലപ്പള്ളിയെ നാദാപുരത്തേക്ക് ആനയിക്കുന്ന ലീഗിന്റെ മണ്ഡലം നേതൃത്വത്തോടാണ്, നാദാപുരത്ത് മുല്ലപ്പള്ളിയാണ് സ്ഥാനാര്‍ത്ഥിയെങ്കില്‍ നിലം തൊടാതെ തോല്‍പ്പിച്ചിരിക്കും..തീര്‍ച്ച', എന്നായിരുന്നു പോസ്റ്റര്‍. ഏഴ് തവണ എംപിയും രണ്ട് തവണ കേന്ദ്രമന്ത്രിയും കെപിസിസി പ്രസിഡന്റും എഐസിസി സെക്രട്ടറിയുമായ മുല്ലപ്പള്ളിക്ക് ഇനിയും അധികാരക്കൊതി തീര്‍ന്നില്ലേയെന്നും പോസ്റ്ററിലുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടി അധികാരത്തില്‍ നിന്ന് പുറത്തുപോകാന്‍ കാരണക്കാരനായ മുല്ലപ്പള്ളി ഇനിയും വിശ്രമ ജീവിതം തുടരട്ടെയെന്നെഴുതിയ പോസ്റ്ററും പുറത്തുവന്നിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 926