24 February, 2026 01:59:57 PM


വി ഡി സതീശൻ മുഖ്യമന്ത്രിയാകുന്ന ദിവസം കാക്ക മലർന്നു പറക്കും- വെള്ളാപ്പള്ളി



കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ വാനോളം പുകഴ്ത്തി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കോൺഗ്രസിൽ കെ.സി. വേണുഗോപാലാണ് മുഖ്യന്ത്രിയാകാൻ യോഗ്യനെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. വേണുഗോപാലിന് ബുദ്ധിയും ശക്തിയും മണി പവറും ഉണ്ട്. രമേശ് ചെന്നിത്തലയാണ് മുഖ്യമന്ത്രിയാകാൻ യോഗ്യതയുളള മറ്റൊരാളെന്നും വെള്ളാപ്പള്ളി പറഞ്ഞു.

പ്രതിപക്ഷ നേതാവ് ആയതിനു ശേഷം വി.ഡി. സതീശൻ തവള വീർത്ത പോലെ വീർത്തെന്ന് വെള്ളാപ്പള്ളി അധിക്ഷേപിച്ചു. ലീഗിന്റെ നാവാണ് പ്രതിപക്ഷ നേതാവിനെന്നും കോൺഗ്രസിൽ സതീശൻ ഒറ്റക്കാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. പറവൂരിലെ പുതുയുഗ യാത്രാ വേദിയിൽ കരഞ്ഞത് നാടകമാണ്. വി.ഡി. സതീശൻ മുഖ്യമന്ത്രിയാകുന്ന ദിവസം കാക്ക മലർന്നു പറക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠരര് രാജീവർക്കെതിരെയും വെള്ളാപ്പള്ളി നടേശൻ രൂക്ഷവിമർശനം ഉന്നയിച്ചു. തന്ത്രി കുറ്റവാളിയാണെന്ന് പറയേണ്ടത് കോടതിയാണ്. ഒരു കോടതിയെ തന്ത്രിയെ വെറുതെ വിട്ടിട്ടുള്ളൂ. മറ്റൊരു കോടതിയിൽ എത്തിയാൽ തന്ത്രി കുറ്റവാളി ആയേക്കാം. തന്ത്രിയെ മാത്രം എന്തിന് സംരക്ഷിക്കണം. ശങ്കർ ദാസ് ഉൾപ്പെടെയുള്ളവർ ജയിലിൽ കിടക്കുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. വാസു അഴിമതി കാണിച്ചെന്ന് താൻ വിശ്വസിക്കുന്നില്ല, അവർക്ക് വേണ്ടി പറയാൻ ഇവിടെ ആരുമില്ല. തന്ത്രിക്ക് വേണ്ടി പറയാൻ രാഷ്ട്രീയക്കാർ മത്സരിക്കുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 937