12 February, 2026 12:19:12 PM


കുട്ടികളെ അച്ചടക്കം പഠിപ്പിക്കാൻ അധ്യാപകര്‍ ചൂരല്‍ ഉപയോഗിക്കുന്നത് കുറ്റകരമല്ല- കേരള ഹൈക്കോടതി



കൊച്ചി: വിദ്യാലയങ്ങളിൽ അച്ചടക്കം ഉറപ്പാക്കുന്നതിനും വിദ്യാര്‍ത്ഥികളെ തിരുത്തുന്നതിനുമായി അധ്യാപകർ നടത്തുന്ന ചെറിയ രീതിയിലുള്ള ശാരീരിക ശിക്ഷകൾ (ചൂരൽ പ്രയോഗം ഉൾപ്പെടെ) കുറ്റകരമല്ലെന്ന് ഹൈക്കോടതി. നല്ല ഉദ്ദേശ്യത്തോടെയുള്ള ഇത്തരം നടപടികൾ ക്രിമിനൽ കുറ്റമായി കാണാനാവില്ലെന്ന് ജസ്റ്റിസ് സി. പ്രദീപ്കുമാർ വ്യക്തമാക്കി. സ്‌കൂളിലെ അച്ചടക്കം നിലനിർത്താനും കുട്ടികളുടെ സ്വഭാവം മെച്ചപ്പെടുത്താനും അധ്യാപകർക്ക് ശാരീരികമായി ശിക്ഷിക്കാനുള്ള അധികാരമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

കുട്ടികളെ തിരുത്താനുള്ള അനുമതി രക്ഷിതാക്കൾ അധ്യാപകർക്ക് നൽകുന്നതായി കണക്കാക്കണമെന്ന മുൻ ഉത്തരവുകൾ കോടതി ശരിവെച്ചു. ശിക്ഷിക്കുന്നത് കുട്ടിയെ ദ്രോഹിക്കാനല്ല, മറിച്ച് തിരുത്താനാണെന്ന നല്ല ഉദ്ദേശ്യം ഇവിടെ പരിഗണിക്കപ്പെടണം. 2025 ഫെബ്രുവരി 10-ന് തിരുവനന്തപുരം വെങ്ങാനൂരിലെ ഒരു സ്‌കൂളിൽ നടന്ന സംഭവത്തിലാണ് വിഴിഞ്ഞം പോലീസ് അധ്യാപകനെതിരെ കേസെടുത്തത്. സ്റ്റാഫ് റൂമിൽ വെച്ച് അധ്യാപകൻ ചൂരൽ കൊണ്ട് അടിച്ചെന്നായിരുന്നു വിദ്യാത്ഥിയുടെ പരാതി. ഈ കേസിന്റെ തുടർനടപടികൾ റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന വിധി.

അധ്യാപകർ ചൂരൽ ഉപയോഗിക്കുന്നത് ഭാരതീയ ന്യായ സംഹിതയിലെ (BNS) സെക്ഷൻ 118 പ്രകാരം മാരകായുധം ഉപയോഗിച്ചുള്ള ആക്രമണമായി കണക്കാക്കാനാവില്ലെന്നും  ബിഎൻഎസ് സെക്ഷൻ 118(1) പ്രകാരം കുറ്റം ചുമത്തണമെങ്കിൽ ഉപയോഗിച്ച ആയുധം മാരകമായിരിക്കണമെന്നും കേരള ഹൈക്കോടതി വ്യക്തമാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 933