29 December, 2025 11:08:09 AM
കൂറുമാറ്റം വിവാദമായതോടെ അഗളി പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം രാജിവെച്ച് മഞ്ജു

പാലക്കാട്: കൂറുമാറ്റം വിവാദമായതോടെ അഗളി പഞ്ചായത്ത് പ്രസിഡന്റ് എൻ.കെ. മഞ്ജു രാജിവച്ചു. ഡിസിസിയുമായി ചർച്ച നടത്തിയതിന് പിന്നാലെയാണ് രാജി. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് മഞ്ജു അറിയിച്ചു. സിപിഐഎം പിന്തുണയോടെയാണ് യുഡിഎഫ് അംഗമായ മഞ്ജു പ്രസിഡൻ്റായത്.
അന്നും ഇന്നും അടിയുറച്ച കോൺഗ്രസ് പ്രവർത്തകയാണെന്ന് രാജിക്ക് പിന്നാലെ മഞ്ജു പറഞ്ഞു. പ്രസിഡന്റ് സ്ഥാനത്തേക്ക് തന്റെ പേര് നിർദേശിച്ചപ്പോൾ എൽഡിഎഫ് മെമ്പർമാർ പിന്തുണയ്ക്കുക മാത്രമാണ് ഉണ്ടായത്. ഒരു കോൺഗ്രസ് പ്രവർത്തക എന്ന നിലയിൽ എൽഡിഎഫ് പിന്തുണ സ്വീകരിക്കാൻ താൽപ്പര്യപ്പെടുന്നില്ല. അതുകൊണ്ടാണ് പ്രസിഡന്റ് സ്ഥാനം രാജി വെയ്ക്കുന്നെന്നും മഞ്ജു പറഞ്ഞു.
അഗളി പഞ്ചായത്തിലെ 20-ാം വാര്‍ഡായ ചിന്നപറമ്പില്‍ നിന്നുള്ള യുഡിഎഫ് അംഗമായ മഞ്ജു കൂറുമാറിയത് വലിയ വിവാദമായിരുന്നു. തനിക്ക് പാര്‍ട്ടിയുടെ വിപ്പ് കിട്ടിയില്ല എന്നായിരുന്നു സംഭവത്തില്‍ മഞ്ജുവിന്റെ പ്രതികരണം. കക്ഷി രാഷ്ട്രീയഭേദമില്ലാതെയാണ് തനിക്ക് വോട്ട് ലഭിച്ചതെന്നും മഞ്ജു പറഞ്ഞിരുന്നു.
സംഭവത്തിന് പിന്നാലെ മഞ്ജുവിനെ അയോഗ്യയാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. മഞ്ജുവിനെതിരെ നിയമപോരാട്ടം നടത്താനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. കൂറുമാറ്റ നിരോധന നിയമപ്രകാരം മഞ്ജുവിനെതിരെ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചിരുന്നു.
എന്നാൽ മഞ്ജുവിന് അബദ്ധം സംഭവിച്ചതായിരിക്കാം എന്നായിരുന്നു ഡിസിസി പ്രസിഡൻ്റ് എ. തങ്കപ്പൻ്റെ പ്രസ്താവന. പ്രദേശിക കോൺഗ്രസ് നേതൃത്വം മഞ്ജുവുമായി ചർച്ച നടത്തുകയും ചെയ്തു. പണം വാങ്ങിയിട്ടില്ലെന്നും പെട്ടെന്നുണ്ടായ ചിന്തയാണെന്നും മഞ്ജു നേതൃത്വത്തെ അറിയിച്ചതായും എ. തങ്കപ്പൻ പറഞ്ഞു.



