03 January, 2026 09:41:19 AM


ആലത്തൂരിൽ വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം; ബിജെപി പ്രവർത്തകനെതിരെ കേസ്



പാലക്കാട്: ആലത്തൂരിൽ പുറംപോക്കിലെ ഷെഡിൽ ഒറ്റയ്ക്ക് കഴിയുന്ന വയോധികയെ പീഡിപ്പിക്കാൻ ശ്രമം. ബിജെപി പ്രവർത്തകൻ കാവശ്ശേരി പാടൂർ സ്വദേശി സുരേഷിനെതിരെ പൊലീസ് കേസെടുത്തു. ഇന്നലെ രാത്രി നടുറോഡിലിരുന്ന് മദ്യപിച്ച ശേഷമായിരുന്നു പീഡന ശ്രമം.

കഴിഞ്ഞ ദിവസം പുലർച്ചയോടെയാണ് വയോധിക താമസിച്ചിരുന്ന ഷെഡിനുള്ളിൽ ഇയാൾ കയറിയത്. ഷെഡിൻ്റെ ഒരു വശം ഇളക്കി മാറ്റിയാണ് സുരേഷ് അകത്ത് കയറിയത്. വയോധിക നിലവിളിച്ചതോടെ നീ എന്റെ ഭാര്യയാണെന്നും മിണ്ടാതെ അടങ്ങിയിരിക്കണമെന്നും പറഞ്ഞു ഭീഷണിപ്പെടുത്തി. സംഭവത്തിൽ ആലത്തൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സുരേഷ് റോഡിലിരുന്ന് മദ്യപിക്കുന്നതിൻ്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കാവശേരി പഞ്ചായത്തിലെ രണ്ടാം വാർഡിലെ ബിജെപി പ്രവർത്തകനാണ് സുരേഷ്. സുരേഷും ബിജെപി പ്രവർത്തകരും ചേർന്ന് ഡിവൈഎഫ്ഐയുടെ ഫ്ലക്സ് ബോർഡുകളും നശിപ്പിച്ചിരുന്നു. പൊലീസ് കേസെടുത്തതോടെ സുരേഷ് ഒളിവിൽ പോയി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K