14 October, 2025 09:46:39 AM


നെന്മാറ സജിത വധക്കേസ്: ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്



പാലക്കാട്: നെന്മാറയില്‍ സജിതയെ വെട്ടിക്കൊന്ന കേസില്‍ പ്രതി ചെന്താമരയുടെ വിധി ഇന്ന്. ജില്ലാ അഡീഷണല്‍ കോടതിയാണ് വിധി പറയുന്നത്. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയതിന് ശേഷം ചെന്താമര സജിതയുടെ ഭര്‍ത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയിരുന്നു. എന്നാല്‍ കേസിലെ സാക്ഷി നാടുവിട്ടു.

ചെന്താമരയെ ഭയന്നാണ് പ്രധാന സാക്ഷിയായ പോത്തുണ്ടി സ്വദേശി പുഷ്പ തമിഴ്‌നാട്ടിലേക്ക് നാടുവിട്ടത്. സജിതയുടെ വീട്ടില്‍ നിന്ന് കൊലയ്ക്ക് ശേഷം ചെന്താമര വരുന്നത് പുഷ്പ കണ്ടിരുന്നു. പുഷ്പയെ കൊല്ലുമെന്ന് ചെന്താമര പലവട്ടം ഭീഷണി മുഴക്കിയിരുന്നു. ചെന്താമരയ്ക്ക് വധശിക്ഷ നല്‍കണമെന്ന് കൊല്ലപ്പെട്ട സുധാകരന്റെയും സജിതയുടെയും മക്കളായ അതുല്യയും അഖിലയും പറഞ്ഞു.

2019 ഓഗസ്റ്റ് 31നാണ് അയല്‍വാസിയായിരുന്ന നെന്മാറ പോത്തുണ്ടി തിരുത്തമ്പാടം ബോയന്‍സ് കോളനിയിലെ സജിതയെ വീട്ടില്‍ കയറി ചെന്താമര എന്ന ചെന്താമരാക്ഷന്‍ വെട്ടിക്കൊന്നത്. ഭാര്യ പിണങ്ങിപ്പോകാന്‍ കാരണക്കാരി എന്ന് സംശയിച്ചായിരുന്നു ക്രൂര കൊലപാതകം. സാഹചര്യ തെളിവുകളും പ്രതിയുടെ ഭാര്യ അടക്കം അന്‍പത് സാക്ഷികളുടെ മൊഴിയുമാണ് കേസില്‍ നിര്‍ണായകമായത്.

സജിത വീട്ടില്‍ ഒറ്റയ്ക്കുള്ള തക്കം നോക്കിയായിരുന്നു ചെന്താമര ക്രൂര കൊലപാതകം നടത്തിയത്. കൊല നടന്ന ദിവസം മക്കള്‍ സ്‌കൂളിലും ലോറി ഡ്രൈവറായ ഭര്‍ത്താവ് സുധാകരന്‍ തമിഴ്‌നാട്ടിലുമായിരുന്നു. സജിത അടുക്കളയില്‍ ഭക്ഷണം പാകം ചെയ്ത് കൊണ്ടിരിക്കുന്നതിനിടെയാണ് അയല്‍വാസി ചെന്താമര കൊടുവാളുമായെത്തിയത്. ശരീരത്തില്‍ തുടരെ തുടരെ വെട്ടുകയായിരുന്നു. മരിച്ചെന്നുറപ്പായതോടെ രക്തം പുരണ്ട കൊടുവാള്‍ വീട്ടില്‍ വെച്ച് നെല്ലിയാമ്പതി മലയില്‍ ഒളിവില്‍ പോയി. വിശന്നു വലഞ്ഞതോടെ രണ്ടു ദിവസത്തിന് ശേഷം മലയിറങ്ങി വന്നു. പിന്നാലെയാണ് പൊലീസ് കസ്റ്റഡിയിലാകുന്നത്.

ഭാര്യയും മകളും തന്നെ വിട്ടു പോകാന്‍ കാരണം സജിതയെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു പ്രതിയുടെ മൊഴി. മൂന്നു മാസം കൊണ്ട് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും ശാസ്ത്രീയ തെളിവുകള്‍ ഹാജരാക്കാനാവാതെ വന്നതോടെ വിചാരണ നീണ്ടുപോകുകയായിരുന്നു. വിയ്യൂര്‍ ജയിലില്‍ വിചാരണത്തടവുകാരനായി രണ്ടു വര്‍ഷത്തെയും ഒന്‍പതു മാസത്തേയും ജയില്‍വാസത്തിന് ശേഷം ചെന്താമരയ്ക്ക് ജാമ്യം ലഭിച്ചു. 

നെന്മാറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്നും കേരളത്തില്‍ നിന്ന് പുറത്ത് പോകരുതെന്നുമുള്ള ഉപാധികളോടെയായിരുന്നു ജാമ്യം അനുവദിച്ചത്. 17 മാസങ്ങള്‍ക്കും ശേഷം ജാമ്യത്തില്‍ ഇളവു തേടി ചെന്താമര കോടതിയെ സമീപിച്ചു. നെന്മാറ പഞ്ചായത്തില്‍ പ്രവേശിക്കരുതെന്ന് ജാമ്യവ്യവസ്ഥ ചുരുക്കി. പിന്നാലെ കേരളത്തിന് പുറത്ത് പലയിടങ്ങളിലായി ജോലി നോക്കി. ജാമ്യ വ്യവസ്ഥ ലംഘിച്ച് നെന്മാറയിലെ വീട്ടില്‍ ഇടക്കിടെ ചെന്താമരയെത്തി. 

അതിനിടെ ഇക്കഴിഞ്ഞ ജനുവരി 27 നായിരുന്നു സജിതയുടെ ഭര്‍ത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര വെട്ടിക്കൊന്നത്. ജാമ്യ വ്യവസ്ഥ ലംഘിച്ച് രണ്ടു മാസം മുമ്പ് നെന്മാറയിലെ വീട്ടില്‍ സ്ഥിരതാമസമാക്കിയായിരുന്നു കൊലപാതകം ആസൂത്രണം ചെയ്തത്. ഇരട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ 20 ദിവസത്തിനകം സജിത വധക്കേസിലെ ജാമ്യം കോടതി റദ്ദാക്കി. മെയ് 27 ന് കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചെങ്കിലും ചെന്താമര കുറ്റം നിഷേധിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 921