11 October, 2025 02:39:03 PM


പാലക്കാട് ഭാര്യയെ ശ്വാസം മുട്ടിച്ചുകൊന്നു; ഭർത്താവ് അറസ്റ്റിൽ



പാലക്കാട്: പാലക്കാട് ശ്രീകൃഷ്ണപുരത്ത് യുവതിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കാട്ടുകുളം സ്വദേശി ദീക്ഷിതിന്റെ ഭാര്യ വൈഷ്ണവിയാണ് (26) മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് ദീക്ഷിതിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. വൈഷ്ണവിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയതാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ദീക്ഷിതില്‍ എത്തിയത്.

ഇക്കഴിഞ്ഞ 9 ന് രാത്രിയാണ് വൈഷ്ണവിയെ ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടെന്ന് പറഞ്ഞ് ദീക്ഷിത് മാങ്ങാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുന്നത്. വിവരം വൈഷ്ണവിയുടെ ബന്ധുക്കളെയും അറിയിച്ചു. ആശുപത്രിയില്‍ എത്തിയതും വൈഷ്ണവി മരിച്ചു.

മലപ്പുറം പെരിന്തല്‍മണ്ണ ആനമങ്ങാട് ചോലക്കല്‍ വീട്ടില്‍ ഉണ്ണികൃഷ്ണന്റെ മകളാണ് വൈഷ്ണവി. ഒന്നരവര്‍ഷം മുമ്പ് ആയിരുന്നു വൈഷ്ണവിയും ദീക്ഷിതും തമ്മിലുള്ള വിവാഹം. കൊന്നത് ദീക്ഷിത് തന്നെയെന്ന് മണ്ണാര്‍ക്കാട് ഡിവൈഎസ്പി പറഞ്ഞു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംശയം തോന്നി ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റസമ്മതം നടത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. വൈഷ്ണവിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നുള്ള കൊലപാതകമാണെന്നും പൊലീസ് വ്യക്തമാക്കി. ദീക്ഷിതിന്റെ വീട്ടില്‍ ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K