28 September, 2025 06:58:00 PM
സ്‌കൂട്ടറില്‍ പോയ യുവതിയെ ഇടിച്ചു വീഴ്ത്തി പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റിൽ

പാലക്കാട്: പാലക്കാട് വടക്കഞ്ചേരിയില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. സ്‌കൂട്ടറില്‍ പോകുകയായിരുന്ന യുവതിയെ ബൈക്കിലെത്തി ഇടിച്ചുവീഴ്ത്തി പീഡിപ്പിക്കാനായിരുന്നു യുവാവിന്റെ ശ്രമം. പട്ടിക്കാട് പൂവഞ്ചിറ സ്വദേശി വിഷ്ണു(25) ആണ് അറസ്റ്റിലായത്. ഇന്നലെ അര്‍ദ്ധരാത്രിയായിരുന്നു സംഭവം നടന്നത്.
സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു യുവതി. ജോലി കഴിഞ്ഞ് യുവതി മടങ്ങുന്നതിനിടെയായിരുന്നു സംഭവം. വടക്കഞ്ചേരി ഭാഗത്ത് എത്തിയപ്പോള്‍ മുതല്‍ വിഷ്ണു യുവതിയെ പിന്തുടര്‍ന്നിരുന്നു. ഇതിനിടെ യുവതിയെ ഇയാള്‍ ഇടിച്ചുവീഴ്ത്തുകയായിരുന്നു. നിലത്തുവീണ യുവതിക്ക് പരിക്കേറ്റു. ഈ സമയം ബൈക്കില്‍ നിന്ന് ഇറങ്ങിയ യുവാവ് യുവതിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു.
യുവതി ബഹളംവെച്ചതോടെ യുവാവ് കടന്നുകളഞ്ഞു. തുടര്‍ന്ന് യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച ശേഷം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. ഇയാള്‍ക്കെതിരെ കൊച്ചിയില്‍ ഒരു പോക്‌സോ കേസ് ഉള്ളതായും വിവരമുണ്ട്.