06 August, 2025 12:34:18 PM


വെള്ളിയാര്‍പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി



പാലക്കാട്: മണ്ണാർക്കാട് അലനല്ലൂർ വെള്ളിയാർപുഴയിൽ ഒഴുക്കിൽപെട്ട് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. അലനല്ലൂർ ഏലംകുളവൻ യൂസഫിൻ്റെ മകൻ സാബിത്തിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. 26 വയസായിരുന്നു. ഇന്ന് രാവിലെ കലങ്ങോട്ടിരി ഭാഗത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. 

പാലക്കാട് നിന്നെത്തിയ സ്കൂബ ടീമിൻ്റെ നേതൃത്വത്തിലായിരുന്നു തെരച്ചിൽ. ഇന്നലെ വൈകീട്ട് 5 മണിയോടെയായിരുന്നു അപകടം. വെള്ളം കയറിയ പാലത്തിലെ തടസ്സങ്ങൾ നീക്കുന്നതിനിടെ ഒഴുക്കിൽപെട്ടായിരുന്നു യുവാവ് അപകടത്തിൽപ്പെട്ടത്. മണ്ണാർക്കാട് കണ്ണംകുണ്ട് പാലത്തിന് സമീപത്തു വെച്ചാണ് ഒഴുക്കിൽപ്പെട്ടത്. 

സാബിത്തിനെ കാണാതായതിനെത്തുടർന്ന് മണ്ണാർക്കാട് നിന്ന് അഗ്നിരക്ഷാ സേനാംഗങ്ങളെത്തി ഇന്നലെ തെരച്ചിൽ നടത്തിയിരുന്നു. ഇന്നലെ രാത്രി 7.45 വരെ തെരച്ചിൽ തുടർന്നെങ്കിലും ഫലമുണ്ടായില്ല. വിദേശത്തായിരുന്ന സാബിത്ത് ഒന്നര മാസം മുൻപാണ് നാട്ടിലെത്തിയത്. 





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K